വൈലോപ്പിള്ളിയുടെ 'മാമ്പഴം' എന്ന കവിതയെക്കുറിച്ച് എം.എന്‍ .വിജയന്‍ എഴുതിയ ഏറെ പ്രശസ്തമായ നിരൂപണം)
വൈലോപ്പിള്ളിയുടെ 'മാമ്പഴം' അദ്ദേഹത്തിന്റെ മഹത്തായ കൃതിയല്ലെന്നു വന്നാല്‍ത്തന്നെയും, ഏറ്റവും പ്രസിദ്ധമായ, ആസ്വാദിതമായ, ഏറ്റവും അഭിനന്ദിതമായ കൃതിയാകുന്നു. കഴിഞ്ഞ നാലു പതിറ്റാണ്ടുകള്‍ക്കിടയില്‍ ഉണ്ടായ ലഘുകാവ്യങ്ങളില്‍ ഒരുപക്ഷേ, ചങ്ങമ്പുഴയുടെ 'വാഴക്കുല'ക്കു മാത്രം ഇത്രയും പ്രസിദ്ധിയുണ്ടായിട്ടുണ്ട്. മലയാള കവിതയുടെ നവോത്ഥാന പ്രതീകമെന്ന് ഇതിനെ എസ്.ആര്‍.രംഗനാഥന്‍ വാഴ്ത്തുകയും മാരാര്‍ കൊണ്ടാടുകയും ചെയ്തു. കേരളക്കരയെമ്പാടും ഇടറിയ തൊണ്ടയോടെ അമ്മമാര്‍ ഈ പാട്ടുപാടി; ധീരവും ക്രൂരവും കഠിനവുമായ ഹൃദയങ്ങളെ അത് ആര്‍ദ്രവും അധീരവുമാക്കിത്തീര്‍ത്തു. നിരൂപകന്മാര്‍ അറിയാത്തത്ര അഗാധങ്ങളായ മാനസതലങ്ങളില്‍ 'മാമ്പഴ'ത്തിന്റെ രസം ആഴ്ന്നാഴ്ന്നറിങ്ങി.
ഇത്രയെല്ലാം നടന്നതു യുവസാഹിത്യകാരന്മാരുടെ പാളയത്തില്‍ ജീവത്സാഹിത്യത്തിന്റെ കൊടി പാറിനില്‍ക്കുമ്പോഴായിരുന്നു; സാഹിത്യവും ജീവിതവും തമ്മിലുണ്ടായിരിക്കേണ്ട ബന്ധത്തെക്കുറിച്ചും കലകളുടെ ഉദ്ദേശ്യത്തെക്കുറിച്ചും കലശലായ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്ന കാലത്തായിരുന്നു.
'മാമ്പഴം' ഒരനുരാഗഗീതയല്ല; അതില്‍ സാമൂഹ്യമായ സജീവപ്രശ്‌നങ്ങളില്ല: ഗംഭീരമെന്നു വിശേഷിപ്പിക്കാവുന്ന വിഷയമോ അനുപമമെന്നു വിളിക്കാവുന്ന ആവിഷ്‌കരണരീതിയോ ഇല്ല. വൃത്തത്തില്‍, ശില്പത്തില്‍, കല്പനകളില്‍, കഥാവസ്തുവില്‍ ഒന്നിലും കണ്ണഞ്ചിപ്പിക്കുന്ന പുതുമയുടെ ധാരാളത്തിങ്ങളില്ല. എന്നിട്ടും ഈ നാല്പത്തെട്ടുവരിക്കവിതയോളം ഹൃദയാവര്‍ജ്ജകമായി മറ്റൊരു നാല്പത്തെട്ടുവരി പില്‍ക്കാലത്തു മലയാളത്തില്‍ എഴുതപ്പെട്ടിട്ടുമില്ല.
എന്തായിരിക്കാം ഈ ഹൃദയാവര്‍ജ്ജകതയ്ക്കു കാരണം? മാരാരിങ്ങനെ പറയുന്നു: ''കവികള്‍ വാക്കുകള്‍കൊണ്ടേല്പിക്കുന്ന അനുഭൂതിയ്ക്ക് ഒരിക്കലും മറക്കരുതാത്ത ദാര്‍ഢ്യം കാട്ടുന്നത് അവയുടെ കലാത്മകതകൊണ്ടാണ്... മറ്റൊന്നല്ലാ പ്രസ്തുത കൃതിയിലെ ഈ വരികള്‍ക്കുള്ള മേന്മയും''.
എന്നിട്ടദ്ദേഹം 'തന്മകന്നമൃതേകാന്‍' എന്നു തുടങ്ങിയ എട്ടുവരിക്കവിത ഉദ്ധരിക്കുന്നു. 'കലാത്മകത' എന്ന മാരാരുടെ പദത്തില്‍ 'മഹത്തായ സത്യ'മടങ്ങിയിരിക്കാമെങ്കിലും, അതെന്തെങ്കിലുമൊരാശയം സുസ്പഷ്ടമായി വിവരിക്കുന്നില്ല. സാഹിത്യനിരൂപണമാണത്. മറ്റുചില വാക്യങ്ങളില്‍ ഈ കാര്യത്തിന്റേതെന്നു താന്‍ കരുതുന്ന സാമൂഹ്യപ്രയോജനം മാരാര്‍ സൂചിപ്പിക്കുക കൂടി ചെയ്യുന്നുണ്ട്.
''തന്റെ ഓമന മകന്‍ വെറും കൗതുകവശാല്‍ ഒരപരാധം ചെയ്തതില്‍ താന്‍ അപ്രിയം പറഞ്ഞതിനെച്ചൊല്ലി ഒരമ്മയ്ക്ക് ആജീവനാന്തം വ്യസനിക്കാനിടയായതാണല്ലോ അതിലെ പ്രമേയം. കുട്ടികളുടെ ഈവക നിരപരാധങ്ങളായ അപരാധങ്ങളുടെ നേര്‍ക്ക് അച്ഛനമ്മമാര്‍ ക്രൂരമായി പെരുമാറുന്നതു സാധാരണയാണ്... ഒരു നിമിഷനേരത്തേക്ക് ഈ ബോധം അമ്മയുടെ മനസ്സില്‍ ഉദിച്ചു എന്നിരിക്കട്ടെ, ആ തീരാത്ത പശ്ചാത്താപം അവരുടെ കത്തിപ്പടരുന്ന കോപാഗ്നിയില്‍ വെള്ളം തളിച്ചേക്കും... ആ അമ്മ രണ്ടാമതൊരുണ്ണിയോട് ആ വിധം പരുഷത പറയാന്‍ പുറപ്പെട്ടാല്‍ത്തന്നെ, വാക്യം മുഴുമിക്കാതെ ഉണ്ണിയെ എടുത്തു ലാളിക്കുകയേ ചെയ്യൂ''
മാമ്പഴത്തിലെ ഉണ്ണി ചെയ്ത തെറ്റ് തെറ്റല്ലെന്നാണോ ഇതിന്നര്‍ത്ഥം? 'മാങ്കനി വീഴുന്നേരമോടിച്ചെന്നെടുക്കേണ്ടോന്‍ പൂങ്കുല തല്ലുന്നത്' ആശാസ്യമായ ഒരു ജീവിതസിദ്ധാന്തമാണെന്നാണോ മാരാരുദ്ദേശിക്കുന്നത്? കുട്ടികളെ ഒരിക്കലും നിയന്ത്രിച്ചുകൂടെന്നും ജീവിതത്തിന്റെ മാമ്പൂക്കുല അവരൊടിച്ചു നിലത്തടിച്ചുകൊള്ളട്ടെ എന്നുമായിരിക്കുമോ കവി ഉപദേശിക്കുന്നത്? കുഞ്ഞുങ്ങള്‍ക്കനുകൂലമായ പുതിയ ബാലമനോവിജ്ഞാനീയംപോലും ഈ അഭിപ്രായം ആദരിക്കുന്നില്ല.
മറിച്ച്, മാമ്പഴത്തിനു പകരം മാമ്പൂവൊടിച്ചു കളിക്കുവാനുള്ള ഉണ്ണിയുടെ അഭിലാഷം യുക്തിവിരുദ്ധവും ജീവിതവിരുദ്ധവുമാകുന്നു. അത്യന്തബാലിശമാണത്. ഈ ബാലിശതയേയും അബുദ്ധതയേയും അതിജീവിക്കുകയത്രേ സംസ്‌കാരത്തിന്റെ ലക്ഷ്യവും ആത്മാവും. എങ്കിലും, ഒരു തെറ്റും ചെയ്യാത്ത അമ്മയെ കവിയും കൂട്ടുകാരുംകൂടി കുറ്റക്കാരിയാക്കുന്നു. കുറുമ്പനായ കുട്ടിയെ രക്തസാക്ഷിയാക്കി ആരാധിക്കുകയും ചെയ്യുന്നു. ജനങ്ങളെല്ലാം ഗദ്ഗദത്തോടെ പാടുന്ന കാവ്യത്തിന്റെ വിഷയം ഇതത്രേ. അതുകൊണ്ടുതന്നെ ഈ കാവ്യത്തിലെ ഇതിവൃത്തത്തിനു സാമൂഹ്യമായും സദാചാരപരമായും അര്‍ത്ഥഗര്‍ഭമായ പ്രയോജനമൊന്നും ഇല്ലെന്നും ഇതിന്റെ അത്ഭുതാവഹമായ പ്രചാരത്തിനു കാരണം (അതുല്യമായ ആ ശില്പചാതുരിയെ ആദരിച്ചുകൊണ്ടുതന്നെ) മനഃശാസ്ത്രപരമാണെന്നും ഈ ലേഖകന്‍ കരുതുന്നു.
II
മുറ്റത്തു കടിഞ്ഞൂല്‍ പൂത്തുനില്‍ക്കുന്ന തൈമാവിന്റെ പൂങ്കലയൊടിച്ചു കളിക്കുന്ന കുട്ടിയെ, വാത്സല്യനിധിയെങ്കിലും കോപാവിഷ്ടയായ മാതാവു ശാസിക്കവേ, പിണങ്ങിപ്പോയ അവന്‍ മാമ്പഴക്കാലമാവുന്നതിനു മുമ്പു മണ്‍മറയുന്നതും പശ്ചാത്തപഭരിതമായ അമ്മ മുറ്റത്തു വീണ ആദ്യത്തെ മാമ്പഴമെടുത്തു അവന്‍ കിടക്കുന്ന മണ്ണില്‍ നൈവേദ്യമായര്‍പ്പിക്കുന്നതുമാണല്ലോ ഈ ലഘുകാവ്യത്തിലെ കഥ. ഒറ്റനോട്ടത്തില്‍ അമ്മയാണിതിലെ മുഖ്യകഥാപാത്രം. എങ്കിലും സൂക്ഷിച്ചാല്‍ ആ അമ്മയുടെ ഹൃദയത്തെ മഥിച്ചാനന്ദിക്കുന്ന, മരിച്ചാലും മരിക്കാത്ത ബാലനാണ് കവിതയിലാകെ നിറഞ്ഞുനില്‍ക്കുന്ന ശക്തി എന്നു കാണാന്‍ കഴിയും. അവന്‍ ദൈവജ്ഞന്‍ മാത്രമല്ല, ദൈവം തന്നെയാകുന്നു. അവനെ അവാസ്തവമായി അശാസ്ത്രീയമായി കവി പുക്‌ഴത്തുന്നതിങ്ങനെയാണ്.
''വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളെ, ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍!''
ഈ കിടാവിനെ നിങ്ങള്‍ റൂസ്സോവിന്റെയും വേഡ്‌സ്‌വര്‍ത്തിന്റെയും തോളത്തു കണ്ടിട്ടുണ്ടാകും. അവന്‍ ഭൂമിയുടെയും സത്യത്തിന്റെയും കിടാവല്ല, സ്വര്‍ഗത്തിന്റെയും മിഥ്യയുടെയും സന്തതിയാകുന്നു.
ഈ നൂലാമാലകള്‍ക്കിടയില്‍നിന്നു 'മാമ്പഴ'ത്തിന്റെ ജനസമ്മതിക്കു കാരണം കണ്ടെത്തണമെങ്കില്‍, നാം മറ്റൊരു കാഴ്ചപ്പാടില്‍നിന്ന് അതിനെ നോക്കിക്കാണേണ്ടിയിരിക്കുന്നു. 'മാമ്പഴം' ഒരമ്മയേയും ഉണ്ണിയേയും വിഷയമാക്കി കവി എഴുതുന്ന വാക്യങ്ങളല്ല, അമ്മയെക്കുറിച്ചുള്ള ഉണ്ണിയുടെ ചിന്തയാണ്; അതൊരാദര്‍ശത്തിന്റെ വ്യാഖ്യാനമല്ല, അഭിലാഷത്തിന്റെ പൂരണമാകുന്നു (ംശവെ ളൗഹളശഹാലി)േ. തന്റെ ആഗ്രഹത്തിനു വിപരീതമായി നില്‍ക്കുന്ന അമ്മ, തന്റെ മരണത്താല്‍ പശ്ചാത്തപതപ്തയായി മുമ്പില്‍ മുട്ടുകുത്തുന്നു എന്ന് അവന്‍ സങ്കല്പിക്കുന്നു. ഈ സങ്കല്പമാണ് അവന്റെ നിര്‍വൃതി; ഈ സങ്കല്പമാണ് അവന്റെ വിജയവും. ഈ ബാലഭാവനയുടെ രൂപവത്ക്കരണമായി 'മാമ്പഴ'ത്തെ വീക്ഷിക്കേണ്ടിയിരിക്കുന്നു. ആത്മഹത്യ ചെയ്തു കാര്യം നേടുന്ന രീതി മുതിര്‍ന്നവര്‍ക്കു പുത്തനായി തോന്നാം. പക്ഷേ, ഒരു കുഞ്ഞിന്നതില്‍ പുതുമയൊന്നുമില്ല. അവനു മരണം വെറുമൊരു യാത്രയാണ്, അനിശ്ചിതമായ ഒരു യാത്ര. അവന്റെ ആവനാഴിയിലെ സര്‍വ്വപ്രധാനമായ ആയുധമാകുന്നു അത്. നമ്മുടെ കവി മരണത്തെക്കുറിച്ചുള്ള ഈ സങ്കല്പം മധുരമായി ആവിഷ്‌കരിച്ചിരിക്കുന്നു:
''മാങ്കനി വീഴാന്‍ കാത്തു- നില്‍ക്കാതെ മാതാവിന്റെ പൂങ്കുയില്‍ കൂടുംവിട്ടു പരലോകത്തെപ്പൂകി വാനവര്‍ക്കാരോമലായ്, പാരിനെക്കുറിച്ചുദാ- സീനനായ്, ക്രീഡാരസ- ലീനനായവന്‍ വാഴ്‌കേ...''
മരണം സ്വര്‍ഗത്തിലേക്കുള്ള യാത്ര മാത്രമാണ്. അമ്മയെക്കാള്‍ നല്ല അമ്മയും അച്ഛനേക്കാള്‍ നല്ല അച്ഛനും അവിടെയുണ്ട്. അല്ലെങ്കിലിതാ മറ്റൊരു ഭാവന:
''പിണങ്ങിപ്പോയീടിലും പിന്നെ ഞാന്‍ വിളിക്കുമ്പോള്‍ കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാന്‍ വരാറില്ലേ? വരിക കണ്ണാല്‍ കാണാന്‍ വയ്യാത്തൊരെന്‍ കണ്ണനേ, തരസാ നുകര്‍ന്നാലും തായതന്‍ നൈവേദ്യം നീ!''
ഈ പിണങ്ങിപ്പോയ മകനും ഒളിച്ചുകളിക്കുന്ന ഉണ്ണികൃഷ്ണനും മരിച്ചു കിടക്കുന്ന ഉണ്ണിയും കുട്ടികളെ സംബന്ധിച്ചിടത്തോളമ ഒന്നുതന്നെയാണ്. അവന്‍ അപ്രത്യക്ഷനാകുന്നു. സനാതനനായ ഈ ബാലന്‍ തന്നെയാണ് പണ്ടൊരിക്കല്‍, കഠോപനിഷത്തില്‍ അച്ഛനെ വിട്ട് യമന്റെ അരികില്‍ പോയി തിരിച്ചുവന്നത്. (മരണം കനിഞ്ഞോതി' എന്ന മറ്റൊരു കവിതയിലും വൈലോപ്പിള്ളി മരണത്തെ ഒരു ദീര്‍ഘയാത്രയായി ഉല്‍പ്രേക്ഷിച്ചിരിക്കുന്നു).
മരണംകൊണ്ടു തന്‍കാര്യം നേടുന്ന ഈ ബാലന്‍ വാസ്്തവത്തില്‍ നേടുന്നതുതന്നെ എന്താണ്? വാശികൊണ്ടും സാഹസം കൊണ്ടും അവന്‍ അമ്മയെ ജയിച്ചു എന്നു പറയാം. അതു സാമാന്യ ഭാഷ, അവനാവശ്യപ്പെട്ടതും പക്ഷേ, നിഷേധിക്കപ്പെട്ടതും പൂങ്കുലയും കിട്ടിയതു മാമ്പഴവുമായിരുന്നു. ഈ നേട്ടത്തിന്റെ അബുദ്ധമായ അര്‍ത്ഥം ആരായുകയാകുന്നു ഈ ലേഖനത്തിന്റെ ഉദ്ദേശ്യം. ഒരമ്മയും മകനുമായുള്ള ബന്ധമാണ് 'മാമ്പഴ'ത്തിന്റെ വിഷയമെന്നു നാം കണ്ടു. ഈ ബന്ധത്തെക്കുറിച്ച്, തന്റെ ഭീതികളെയും ഉത്ക്കണ്ഠകളേയും അഭിലാഷങ്ങളെയും കുറിച്ചുള്ള ഒരു ശൈശവസങ്കല്പവുമാണത്. ഇതൊരു കുഞ്ഞിന്റെ കവിതയാണത്. ഒരമ്മയുടേതല്ല. പ്രസവസമയത്താണല്ലോ ആദ്യമായി ശിശുവിനു അമ്മയില്‍നിന്നു വ്യതിരിക്തവും സ്വന്തവുമായ ജീവിതമാരംഭിക്കുന്നത്. അന്നോളമവന്‍ അമ്മയുടെ ഒരു ഭാഗമാണ്; അമ്മ തന്നേയാണ്. ജനനസമയം മുതല്‍ മുലകുടിക്കുമ്പോള്‍ മാത്രമേ അവന് അമ്മയുമായി ബന്ധമുള്ളൂ. അവന്റെ ഭക്ഷണവും ജീവിതവും അവിടെയാണ്. മുല നഷ്ടപ്പെടുകയും നിഷേധിക്കപ്പെടുകയും ചെയ്യുന്ന ചിന്ത ഒരു ശിശുവിന്റെ സര്‍വപ്രധാനമായ ഉത്ക്കണ്ഠയായിത്തീരുന്നു. അതൊരു 'ജീവന്മരണപ്രശ്‌ന'മത്രേ! മുലകുടി മാറുന്ന കാലത്തു നമ്മുടെ നാട്ടിലാണെങ്കില്‍ രണ്ടാമത്തെയോ മൂന്നാമത്തെയോ വയസ്സില്‍ ഈ ഉത്കണ്ഠ പുതിയ രൂപങ്ങള്‍ കൈക്കൊള്ളുന്നു. കുഞ്ഞ് അമ്മയോട് കൂടുതല്‍ കൂടുതല്‍ ഒട്ടിച്ചേരുകയും വിടുവിക്കാന്‍ ശ്രമിക്കേ കുതറുകയും ചെയ്യുന്നു. തന്നില്‍നിന്നു ബലാല്‍മറച്ചുവെയ്ക്കപ്പെടുന്ന, തേടിച്ചെല്ലുമ്പോള്‍ ശകാരപ്രഹരങ്ങള്‍കൊണ്ടു മറുപടി കൊടുക്കുന്ന വസ്തു അവനെ അപരിചിതവും കഠിനവുമായ വേദനകള്‍ക്കു ഊണാക്കുന്നു. പിണങ്ങിയും തായയേയും തന്നെയും പീഡിപ്പിച്ചും ആത്മഹത്യ ചൂണ്ടി ഭീഷണിപ്പെടുത്തിയും നഷ്ടഭീതിയില്‍ നിന്ന് അവന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. വാസ്്തവത്തില്‍ ജയിച്ചാലും തോറ്റാലും ഭാവനയില്‍ അവന്‍ എന്നും ജയിക്കുകയേയുള്ളൂ.
ഇങ്ങനെ ഭാവനയില്‍ ജയിച്ച ബാലനത്രേ 'മാമ്പഴ'ത്തിലെ നായകന്‍!
കുട്ടികളുടെയും കവികളുടെയും കാടന്മാരുടെയും സ്വപ്‌നാടകന്മാരുടെയും കിറുക്കന്മാരുടെയും ഭാഷ പ്രതീകാത്മകമാണ് എന്നു തെരുവിലെ മനുഷ്യനുമറിയും. സമാനധര്‍മ്മങ്ങളായ പരിചിതവസ്തുക്കളെ തെറ്റിദ്ധരിക്കുകയും മാറ്റിപ്പറയുകയും ഇവരുടെ സ്വഭാവമാകുന്നു. മാങ്കുലയും മാമ്പഴവും സ്വപ്‌നപുരാണ കാവ്യമണ്ഡലങ്ങളില്‍ വിപുലമായി പ്രത്യക്ഷപ്പെടുന്ന സ്തനപ്രതീകങ്ങളാണ്. 'മാമ്പഴ'ത്തിന്റെ അര്‍ത്ഥം ഈ കോടിയില്‍ നിന്നു നോക്കുമ്പോള്‍ അധികമധികം സ്പ്ഷ്ടമായിത്തീരുന്നു. വൈലോപ്പിള്ളിയുടെതന്നെ ഇതര കൃതികളില്‍ പഴം മുലയുടെ ചിഹ്നമായി ഉപയോഗിച്ചുകാണുന്നുണ്ട്. 'ആസ്സാം പണിക്കാരില്‍' മക്കളെ പട്ടിണിക്കിട്ടുകൊല്ലുന്ന കേരളമാതാവാണിത്:
''അതിഥികള്‍ക്കെല്ലാ മമരലോകമി- ക്കിതവി ഞങ്ങള്‍ക്കു നരകദേശവും മദിപ്പിക്കും, കനിക്കിനാവുകള്‍ കാട്ടി- ക്കൊതിപ്പിക്കും പക്ഷേ, കൊടുക്കുകില്ലവള്‍,''
ഇവിടെ കനിക്കിനാവു കാട്ടിക്കൊതിപ്പിച്ചു കൊടുക്കാതിരിക്കുന്ന കേരളമാതാവ്, കൈയിലുള്ള കനി, മുല, കൊടുക്കാത്ത അമ്മ തന്നെയാണ്. പാകമാകാത്ത കനിക്കുവേണ്ടി (പൂങ്കുല) ഓടിച്ചെന്ന ബാലനെ ശാസിച്ച അതേ അമ്മ! നഖക്ഷതങ്ങളേറ്റ മുലകളെയും മുള്‍ക്കോറലേറ്റ, വില്വഫലങ്ങളെയും സമാനമായിക്കണ്ട ശ്രീഹര്‍ഷനും മുലകളെ ആധുനികരീതിയില്‍ ശീമച്ചക്കയോടുപമിച്ചു കൃതാര്‍ത്ഥനായ ഉള്ളൂര്‍ മഹാകവിയും 'രാധയുടെ കൃതാര്‍ത്ഥത'യില്‍ നായകനെക്കൊണ്ട് സാകൂതസ്മിതനായി രാധയുടെ മാറത്തുനോക്കി നാരങ്ങ മര്‍ദ്ദിപ്പിച്ച വള്ളത്തോളും ഇതേ സാദൃശ്യം കണ്ടവരാണ്. പൂങ്കുലയെക്കുറിച്ചാണെങ്കില്‍ ഇതാ കാളിദാസന്‍ തന്നെ:
''നല്‍പൂങ്കുലക്കൊങ്കകളൂന്നിമേന്മേല്‍ ചേലോടുചേര്‍ത്തും നവപല്ലവോഷ്ഠം ശാഖാഭുജം വീശി ലതാവധുക്കള്‍ പുണര്‍ന്നുപോല്‍ വൃക്ഷമണാളരേയും''
പൂങ്കുലയും മാമ്പഴവും ഒരേ വസ്തുവിന്റെ, മുലയുടെ, സിംബലാണെന്നു സൂചിപ്പിക്കുകയത്രേ ഇവിടെ ഉദ്ദേശിക്കുന്നത്, കവിതയിലും ലോകത്തിലും ഇതു രണ്ടാണെങ്കിലും അബോധമനസ്സില്‍ ഒന്നുതന്നെയാണ്. 'ഏകം സദ് വിപ്രാബഹുധാ വദന്തി'. പൗരാണിക കഥകളില്‍, പഴത്തിനു മുലയുടെ സിംബോളിക് അര്‍ത്ഥം നല്‍കിയിട്ടുള്ള അനേകം സന്ദര്‍ഭങ്ങളില്‍ ഒന്നാണ് 'ഉല്പത്തി' കഥയിലെ 'വീഴ്ച' (ഉല്പത്തി' 3, 6). ചെകുത്താന്റെ പ്രേരണയാല്‍ ഹവ്വ വിലക്കപ്പെട്ട പഴം പറിച്ചെടുത്ത് ആദാമിനെ തീ്റ്റിയതായി അതില്‍ വിവരിച്ചിരിക്കുന്നു. ഈ പഴത്തിന്റെ സിംബോളിക് സ്വഭാവം സൈക്കോ അനലിസ്റ്റുകള്‍ (ഫ്രാന്‍സ് അലക്‌സാണ്ഡരും മറ്റും) പണ്ടേ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മനുഷ്യന് ലജ്ജയും വിവേകവും ഒന്ന് ആദ്യമായി ഉണ്ടായി.
'സുന്ദരകാണ്ഡം' അറുപത്തേഴാം സര്‍ഗത്തില്‍ ഹനുമാന്‍ രാമനെ സീതയുടെ അടയാളവാക്യമറിയിക്കുന്നതിങ്ങനെയാണ്; ''മുമ്പെണീറ്റാള്‍ സുഖം നീയൊ- ന്നിച്ചുറങ്ങിയ ജാനകി കാക്കയൊന്നഞ്ജസാകേറി- ക്കൊത്തീ കൊങ്കത്തടത്തിലായ് ഉറങ്ങി ഊഴമിട്ടങ്ങും ദേവ്യങ്കേ ഭരതാഗ്രജ! നൊമ്പല്‍പ്പെടുത്തിപ്പോന്നാല്‍പോല്‍ വീണ്ടുമപ്പക്ഷി ദേവിയെ വീണ്ടും വീണ്ടും പറന്നെത്തി- പ്പാരം മാന്തിപ്പൊളിച്ചുപോല്‍ ഉണര്‍ന്നുപോയ് ഭവാന്‍ മെയ്യി- ലവള്‍തന്‍ ചോര കാണ്‍കയാല്‍''.
കാകരൂപത്തില്‍ വന്ന ഇന്ദ്രപുത്രന് സീതയുടെ കൊങ്കത്തടം കണ്ട് എന്തൊരു ഭ്രാന്തിയാണുണ്ടായിരിക്കുകയെന്നു വ്യക്തമാണല്ലോ. കാക്ക കണ്ടു പഴമാണെന്നു തെറ്റിദ്ധരിച്ച സീതയുടെ മുലകള്‍ രാമന്റെ കണ്ണുകള്‍ക്ക് എത്രമാത്രം ആകര്‍ഷകമായിരുന്നിരിക്കണം! ജയന്തകഥ വിസ്തൃതമായ ഒരു ഭ്രാന്തിമദലങ്കാരമാകുന്നു. മാനസികാപഗ്രഥകര്‍ വിശകലനം ചെയ്തവയും ഇവിടെ ഉദ്ധരിക്കേണ്ടതില്ലാത്തവയുമായ അനേകമനേകം സ്വപ്‌നങ്ങളില്‍ ഏതാണ്ടു സാര്‍വത്രികമായിത്തന്നെ ഇരുണ്ട പഴങ്ങള്‍ (ആപ്പിളും മറ്റും) സ്തനപ്രതീകങ്ങളാകുന്നു. ഇവിടെ എഴുതാന്‍ വയ്യാത്ത ഗ്രാമ്യശൈലികളിലും അശ്ലീലപ്രയോഗങ്ങളിലും ഇതുപോലെ തന്നെ പഴം മുലയുടെ ചിഹ്നമായി പ്രയോഗിക്കുക പതിവുണ്ടെന്ന്, ാരും പറയുകയില്ലെങ്കിലും, എല്ലാവര്‍ക്കും അറിയാം. ഭാഷാശാസ്ത്രപരമായി, മലയാളത്തിലെ 'അമ്മിഞ്ഞ' എന്ന പദത്തിന് അമ്മയുടെ കായ എന്നല്ലേ അര്‍ത്ഥമെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു. കുട്ടികള്‍ക്കു 'തേങ്ങ' തേഞ്ഞയും 'മാങ്ങ' മാഞ്ഞയുമാണല്ലോ. നമ്മുടെ അഭ്യൂഹത്തെ സഹായിക്കുന്നതിനായി കവിതയില്‍ ആഭ്യന്തരമായി ഇത്രയും തെളിവുകളുണ്ട്: 1. മാമ്പഴം എന്ന പദത്തിനു ശബ്ദസാരൂപ്യം കൊണ്ട് 'അമ്മയുടെ പഴം' എന്ന അര്‍ത്ഥം ധ്വനിക്കുന്നു (മാ എന്ന ശബ്ദമാണ് ലോകഭാഷകളിലധികവും അമ്മയെക്കുറിക്കുന്നത്). 2. അങ്കണത്തൈമാവ്, ആദ്യത്തെ പഴം, ബാലമാകന്ദം എന്നിവ സൂചിപ്പിക്കുന്ന കടിഞ്ഞൂല്‍പ്രസവകാര്യം. 3. 'ഉണ്ണികള്‍' എന്ന ശബ്ദത്തിലെ ശ്ലേഷത്തില്‍നിന്നും മാവും മാതാവും തമ്മില്‍ ഉറന്നുവരുന്ന സാദൃശ്യം. 4. സൗഗന്ധികസ്വര്‍ണ്ണം, പൊന്‍പഴം എന്നീ പദങ്ങളാല്‍ സൂചിതമാകുന്ന മുലയുടെ വര്‍ണ്ണവും മുലപ്പാലിന്റെ വര്‍ണ്ണവും. 5. 'തന്മകന്നമൃതേകാന്‍ താഴോട്ടു നിപതിച്ച പൊന്‍പഴം മുറ്റത്താര്‍ക്കും വേണ്ടാതെ കിടക്കവേ' എന്ന വരികള്‍ അമ്മയുടെ മാറിടത്തില്‍ അനാഥമായി, ശൂന്യമായി കിടക്കുന്ന മുലകളെയാണോര്‍മ്മിപ്പിക്കുന്നത്.
''ഉണ്ണിക്കൈക്കെടുക്കുവാ- നുണ്ണിവായ്ക്കുണ്ണാന്‍വേണ്ടി വന്നതാണീ മാമ്പഴം വാസ്തവമറിയാതെ നീരസം ഭാവിച്ചു നീ പോയിതെങ്കിലും കുഞ്ഞേ, നീയിതു നുകര്‍ന്നാലേ- യമ്മയ്ക്കു സുഖമാവൂ!''
എന്നിങ്ങനെ, പിന്നീട് ഈ ആശയം ഏറ്റവും സ്പഷ്ടമായിത്തീരുന്നു. ഉണ്ണിവായ്ക്കുണ്ണാന്‍വേണ്ടി വരുന്ന ഒരേയൊരു പഴം അമ്മയുടെ തടിയില്‍ കായ്ക്കുന്നതാണല്ലോ. മാമ്പഴത്തിന്റെ കഥ നടന്നതല്ലെന്നും അതൊരു മുലകുടി മാറലിന്റെ പദ്യചരിത്രമാണെന്നും ഇപ്പറയുന്നതിന്നര്‍ത്ഥമില്ല. അതിലെ കഥയും കവിതയും നമ്മുടെ വിശകലനത്തിനു ശേഷവും അതേപടിയിരിക്കും. 'മാമ്പഴം' നമ്മുടെ ഹൃദയവുമായി സംവദിക്കുന്നതെവിടെയാണെന്നാണ് നാം അന്വേഷിച്ചത്; നമ്മുടെ അബോധതലത്തിലെ ഏതജ്ഞാതാംശങ്ങളോടാണ് അതു കുശലപ്രശ്‌നം ചെയ്യുന്നത് എന്ന്, അമ്മയുടെ മാറിടത്തിന്റെ ഇളംചൂടില്‍ നിന്നും സുരക്ഷിതത്വത്തില്‍നിന്നും വിട്ടുപോരാന്‍ കൂട്ടാക്കാത്ത-മീശ മുളച്ചാലും മനസ്സിനു മുലകുടി മാറാത്ത- നമ്മെ രഹസ്യമായി സമാശ്വസിപ്പിക്കുന്ന ഈ കാവ്യത്തില്‍ പ്രാഥമിക നാര്‍സിസവും (ആത്മരതി) മാതൃരതിയും (ഈഡിപ്പസ് കോംപ്ലക്‌സ്) സമ്മേളിക്കുന്നു.