Tuesday, 8 May 2012

വിധവ - ദേവകി നിലയങ്ങോട്‌

ദേവകി നിലയങ്ങോട്‌
Posted on:17 Mar 2012


വി.ടി. ഭട്ടതിരിപ്പാടിന്റെ പത്‌നി ശ്രീദേവി അന്തര്‍ജനത്തിന്റെ അനുജത്തിയും വിധവയുമായ ഉമാ അന്തര്‍ജനത്തെ 1934 സപ്തംബര്‍ 13-നാണ് എം.ആര്‍.ബി. വിവാഹം ചെയ്തത്. ചരിത്രപ്രസിദ്ധമായിരുന്നു ആ വിവാഹം. നമ്പൂതിരിമാരില്‍ യാഥാസ്ഥിതികരെ ഇളക്കിമറിച്ച ഒരു ആചാരവിപ്ലവം. എനിക്കന്ന് ആറോ ഏഴോ വയസ്സേ ഉള്ളൂ. അതുകഴിഞ്ഞ് എട്ടോ ഒമ്പതോ വര്‍ഷം കഴിഞ്ഞാണ് ഈ ദമ്പതികളെ ഞാന്‍ നേരില്‍ കാണുന്നത്. ശുകപുരത്തുവെച്ചു നടന്ന യോഗക്ഷേമസഭയുടെ സമ്മേളനത്തിലായിരുന്നു അത്. വളരെയേറെ പറഞ്ഞും പ്രേരിപ്പിച്ചുമാണ് ഉമാ അന്തര്‍ജനം പുനര്‍വിവാഹത്തിന് സമ്മതിച്ചതത്രെ. പക്ഷേ, യോഗക്ഷേമസഭയുടെ സമ്മേളനത്തില്‍വെച്ച് കണ്ടപ്പോള്‍ വളരെ ആത്മവിശ്വാസമുള്ള ഉത്സാഹവതിയായ ഒരു സ്ത്രീയായി അവര്‍ മാറിക്കഴിഞ്ഞിരുന്നു.

വിധവാവിവാഹം എം.ആര്‍.ബി.യോടുകൂടി അവസാനിച്ചില്ല. നടന്‍, കവി എന്നീ നിലകളില്‍ പ്രസിദ്ധനായ പ്രേംജിയും സഹോദരന്റെ മാര്‍ഗം പിന്തുടര്‍ന്നു. അദ്ദേഹം പരിയാരത്ത് കുറിയേടത്തെ ആര്യാ അന്തര്‍ജനം എന്ന വിധവയെ വിവാഹംചെയ്തു. അദ്ഭുതം! എം.ആര്‍. ബി. ദമ്പതികളോടൊപ്പം പ്രേംജിയും വധുവും അന്ന് ശുകപുരം സഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

നാല്പതുകളുടെ അവസാനംവരെ യോഗക്ഷേമസഭയുടെയും അതിന്റെ സ്ത്രീവിഭാഗത്തിന്റെയും വേദികളില്‍ ചെറിയ നിലയില്‍ ഞാന്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇവരെയൊഴികെ, വിധവാവിവാഹം ചെയ്ത വേറെ ദമ്പതികളെയാരെയും ഞാന്‍ കണ്ടുമുട്ടുകയുണ്ടായിട്ടില്ല. യോഗക്ഷേമസഭയുടെ പ്രവര്‍ത്തനംമൂലം വൃദ്ധവിവാഹം ഏതാണ്ട് അവസാനിച്ചുകഴിഞ്ഞിരുന്നു. അപ്ഫന്മാര്‍ സ്വജാതിയില്‍ നിന്ന് വിവാഹം കഴിക്കാന്‍ തുടങ്ങി. അങ്ങനെ സമുദായത്തില്‍ വിധവകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. പുനര്‍വിവാഹം ചെയ്തില്ലെങ്കിലും താരതമ്യേന ഭേദപ്പെട്ട അവസ്ഥയില്‍ വിധവകള്‍ക്ക് കുടുംബത്ത് ജീവിക്കാം എന്ന അവസ്ഥ വന്നതാവാം വേറൊരു കാരണം.
എന്നാല്‍ ഈ മാറ്റങ്ങള്‍ വരുന്നതിനുമുമ്പ്, എന്റെ കുട്ടിക്കാലത്ത്, ഇരുപതുകളിലും മുപ്പതുകളിലും അതായിരുന്നില്ല സ്ഥിതി. എന്റെ പിറന്ന ഇല്ലമായ പകരാവൂരില്‍ ഞാന്‍ കണ്ട വിധവകളുടെ ജീവിതങ്ങള്‍ എത്രയോ കഠിനവും ദയനീയവുമായിരുന്നു. പകരാവൂരില്‍ എന്റെ അച്ഛന്റെ ഒരമ്മായി പാര്‍ത്തിരുന്നു. അച്ഛന്‍ കൃഷ്ണന്‍ സോമയാജിപ്പാടിന്റെ അമ്മാമനായിരുന്നു പുല്ലാന്നപ്പള്ളി അമ്മാമന്‍. എഴുപതു വയസ്സു കഴിഞ്ഞിട്ടും അദ്ദേഹം രണ്ടുതവണകൂടി വേട്ടു. ആദ്യഭാര്യയിലുണ്ടായിരുന്ന തന്റെ രണ്ടു പെണ്‍മക്കളെ വേളികഴിച്ച് കൊടുക്കാന്‍ വേണ്ടിയായിരുന്നു ആ രണ്ടു വിവാഹങ്ങളും. അങ്ങനെ വിവാഹം

ചെയ്തു കൊണ്ടുവന്ന രണ്ടു സ്ത്രീകളിലും അദ്ദേഹത്തിന് സന്തതികളുണ്ടായില്ല. താമസിയാതെ അദ്ദേഹം മരിച്ചു. ഈ അമ്മായിമാരിലൊരാള്‍ വളരെക്കാലം പകരാവൂരില്‍ കഴിഞ്ഞു. കുട്ടികള്‍ക്ക് ചോറുകൊടുക്കാനും അവരുടെ തലമുടി ചീകിക്കെട്ടാനും സഹായിച്ച് അവര്‍ അവിടെ താമസിച്ചു. അന്ന് പകരാവൂര് വന്ന് വെക്കാന്‍ താമസിച്ചിരുന്ന വേറെ മൂന്നുനാല് വിധവകളായ അന്തര്‍ജനങ്ങളുമുണ്ടായിരുന്നു. മംഗളമായ ചടങ്ങുകളിലൊന്നും പെടാതെ നോക്കിയും ആരുടെയും കണ്‍വെട്ടത്തു വരാതെയും വിധവകള്‍ക്ക് വിധിച്ചിട്ടുള്ള ചടങ്ങുകള്‍ അനുഷ്ഠിച്ചുംകൊണ്ട് അവര്‍ അവിടെ കഴിഞ്ഞു.

നമ്പൂതിരിമാരുടെ ഇടയില്‍ വിധവയോളം ദുശ്ശകുനമായി മറ്റൊന്നില്ല. നെടുമംഗല്യം ഇല്ലാത്തവളെ ആര്‍ക്കും വേണ്ട. 'കഴുത്തില്‍ ചരടില്ലാത്തത്' എന്നാണ് വിധവയെ വിളിക്കുക. ഒരു നല്ല കാര്യത്തിലും കഴുത്തില്‍ ചരടില്ലാത്തവളെ കണ്ടുപോകരുത്. അന്നൊക്കെ പല പെണ്‍കുട്ടികളും നന്നെ കുട്ടിക്കാലത്തുതന്നെ വിധവയായിപ്പോകും. ഞാന്‍ വിവാഹം കഴിഞ്ഞെത്തിയ നിലയങ്ങോട് ഇല്ലത്തെ പാപ്തിവല്യമ്മ ഒമ്പതുവയസ്സിലാണ് അവിടെ വധുവായി എത്തിയത്. പതിനാറു വയസ്സില്‍ ഭര്‍ത്താവ് മരിച്ചു. പാപ്തിവല്യമ്മയുടെ കൂട്ടുകാരി സാവിത്രി പത്തുവയസ്സില്‍ വിവാഹിതയായി. ഭര്‍ത്താവിന് പതിമൂന്ന് വയസ്സ്. രണ്ടുവര്‍ഷമേ അവരുടെ 'വിവാഹജീവിതം' ഉണ്ടായിരുന്നുള്ളൂ. വിവാഹജീവിതം എന്നുപറഞ്ഞാല്‍ ചാടിയും കളിച്ചും ഒക്കെ നീണ്ടുനിന്ന ഒരു കുട്ടിക്കളി. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ കളിക്കൂട്ടുകാരന്‍ മരിച്ചു. ടൈഫോയ്ഡായിരുന്നു രോഗം. ടൈഫോയ്ഡിന് അന്നൊന്നും ചികിത്സയില്ല. തറവാട്ടിലെ ജോലിയെല്ലാം ചെയ്ത് പിന്നീട് അറുപത്തഞ്ചുകൊല്ലം അവര്‍ വിധവയുടെ ജീവിതം നയിച്ചു.

നമ്പൂതിരിമാരുടെ ഇടയില്‍ വിവാഹക്രിയയ്ക്കുശേഷം കുടിവെപ്പ് എന്നൊരു ചടങ്ങുണ്ട്. ഭര്‍ത്താവിന്റെ വീട്ടിലേക്കുള്ള ഗൃഹപ്രവേശമാണത്. വേളിയും കുടിവെപ്പും സാധാരണ അടുത്തടുത്താവുമെങ്കിലും ചിലപ്പോള്‍ അവയ്ക്കിടയില്‍ ഒരിടവേള വന്നുവെന്നും വരാം. എന്റെ പരിചയത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. വിവാഹ ക്രിയ കഴിഞ്ഞ് ഒരുമാസം കഴിഞ്ഞായിരുന്നു കുടിവെപ്പ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ കുടിവെപ്പ് നടക്കുന്നതിനുമുമ്പ് ഭര്‍ത്താവ് മരിച്ചു. വേളി കഴിഞ്ഞാല്‍ പെണ്‍കുട്ടിക്ക് പിറന്ന വീട്ടില്‍ സ്ഥാനമില്ല. കുടിവെപ്പ് നടത്താനും കഴിയില്ല. എന്തുചെയ്യും? വൈദികന്‍ തലപുകഞ്ഞാലോചിച്ചിരിക്കണം. ഒടുക്കം രണ്ടുമൂന്ന് അന്തര്‍ജനങ്ങള്‍ കുട്ടിയേയുംകൊണ്ട് ഭര്‍ത്തൃഗൃഹത്തിലെത്തി. അമംഗള മുഹൂര്‍ത്തമായ ത്രിസന്ധ്യയ്ക്ക് അടുക്കളവാതില്‍ കാല്‍കൊണ്ട് ചവുട്ടിത്തുറന്ന് കുട്ടിയെ അതിനകത്താക്കി തിരിച്ചുപോന്നു. ആരും ആ പെണ്‍കുട്ടിക്ക് നെയ്‌വിളക്ക് കൊളുത്തി കാണിച്ചില്ല. മരിക്കുംവരെയുള്ള ഇരുട്ടില്‍ അവള്‍ കഴിഞ്ഞു.
ഭര്‍ത്താവ് മരിക്കുന്നത് ഭാര്യയുടെ ജാതകദോഷംകൊണ്ടാണ് എന്നാണ് അന്നത്തെ വിശ്വാസം. അതുകൊണ്ട് വിധവ എന്നാല്‍ ഒരപരാധിനിയാണ്. കുറ്റംചെയ്ത ഒരാളെ നോക്കുമ്പോലെയാണ് എല്ലാവരും അവളെ കാണുന്നത്. ഭര്‍ത്താവ് മരിച്ച നിമിഷംതൊട്ടു തുടങ്ങും അത്.
ഭര്‍ത്താവ് മരിച്ചാല്‍ ഉടനെ സ്വന്തം മകനോ അല്ലെങ്കില്‍ സപത്‌നി യുടെ മകനോ വന്ന് താലി അറുത്ത് വാങ്ങുന്നതാണ് ആദ്യത്തെ ചടങ്ങ്. മകന്‍ വന്ന് നമസ്‌കരിച്ചശേഷം താലി ചോദിക്കുന്നു. മകനായതുകൊണ്ടു മാത്രം ശപിക്കാതെ അവള്‍ അത് ഊരിക്കൊടുക്കുന്നു. തന്റെ കൊലപാതകക്കുറ്റത്തിന് മാപ്പിരക്കത്തക്കവണ്ണം അവര്‍ ഭര്‍ത്താവിന്റെ കാല്‍പ്പടങ്ങള്‍ സ്വന്തം ശിരസ്സില്‍വെച്ച് നമസ്‌കരിക്കുന്നു. ചിത കത്തുകയായി. സംസ്‌കാരം കഴിഞ്ഞ് കുളിച്ചുവന്നാല്‍ അവള്‍ക്ക് ഈറന്‍ മാറാനോ പിഴിഞ്ഞുടുക്കാനോ അനുവാദമില്ല. മുണ്ടിന്റെ അറ്റം കൊണ്ട് തലയും ശരീരവും ഒന്നു തുടയ്ക്കാം. കോരിച്ചൊരിയുന്ന കര്‍ക്കടകമഴയിലായാലും ഈ മുങ്ങി ഒഴുകാലെതന്നെവേണം അവളുടെ നില്പ്പ്. ഈറന്‍ചേലയുമായി അവള്‍ ചെന്നിരിക്കേണ്ടത് ജനലുകള്‍ അടച്ച, ഏറെക്കുറെ ഇരുണ്ട ഒരു അറയിലാണ്. അവളെ ആരും കണ്ടുപോകരുത്. പത്തുദിവസം, അതായത് പുല പോകുന്നതു വരെ അവള്‍ ആ മുറിയില്‍ അതേ വസ്ത്രവുമായി കഴിയണം. ഈ പത്തുദിവസവും ഭക്ഷണം ഒരുനേരം മാത്രമേ പാടുള്ളൂ. അതും പാകം ചെയ്ത ഭക്ഷണം പാടില്ല. കനലില്‍ ചുട്ട കായ, ചുട്ട കിഴങ്ങ്, പഴം, വെള്ളം ഇവയാണ് ഭക്ഷണം. ഉപ്പു കൂട്ടരുത്. ദിവസം മൂന്നുതവണ കുളത്തില്‍പോയി മുങ്ങണം. മുങ്ങിവന്നാല്‍ കിടക്കുന്നത് വെറും നിലത്താണ്. എന്റെ കുട്ടിക്കാലമാവുമ്പോഴേക്ക് നിലത്തുവിരിച്ച ഓലത്തകിടില്‍ കിടക്കാം എന്നായി. നാലുകെട്ടിലെ വടക്കേ അറയില്‍ രണ്ടു മൂന്നു സ്ത്രീകള്‍ ശപിക്കപ്പെട്ട ആ ദിവസങ്ങള്‍ ഈറനും ക്ഷീണവും വിശപ്പും അവശതയുമായി തള്ളിനീക്കുന്നു. ഒരുപക്ഷേ ഇനി അവരില്‍ സാപത്‌ന്യത്തിന്റെ പോര് മാത്രം ഇല്ലാതായേക്കും.

പത്തു പുലയും പിണ്ഡച്ചടങ്ങുകളും കഴിഞ്ഞാല്‍ മക്കളോടൊപ്പം അവര്‍ക്കും ഒരുകൊല്ലം 'ദീക്ഷ' വേണം. ദീക്ഷാകാലം കഴിഞ്ഞാല്‍ അമ്പലത്തിലേക്ക് പോകാം. പക്ഷേ, മംഗളകര്‍മങ്ങളിലൊന്നും പ്രവേശനമില്ല. വിവാഹങ്ങള്‍ക്കു പോകാം. വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കാമല്ലോ. എന്നാല്‍ കുടിവെപ്പില്‍ പങ്കെടുക്കരുത്. നാലിറയത്തെ തിരക്കില്‍ എങ്ങനെയോ കുടിവെപ്പു നടക്കുന്ന മുറ്റത്തേക്ക് വീണുപോയ ഒരു അന്തര്‍ജന വിധവ കേട്ട ശകാരത്തിനും അനുഭവിച്ച അപമാനത്തിനും ഞാന്‍ സാക്ഷിയാണ്. വിവാഹം കഴിഞ്ഞാല്‍ പിന്നെ പെണ്‍കുട്ടി താമസിക്കേണ്ടത് ഭര്‍ത്തൃഗൃഹത്തിലാണ്. ഭര്‍ത്താവ് മരിക്കുന്നതോടെ അവര്‍ തീര്‍ത്തും അനാഥയാവുമെങ്കിലും പിറന്ന ഇല്ലത്തേക്ക് പോകാന്‍ അനുവദിക്കപ്പെടുന്നത് വളരെ വിരളമാണ്. ഇല്ലത്ത് അച്ഛനോ അമ്മയോ സഹോദരനോ ഉണ്ടെങ്കില്‍പ്പോലും അവര്‍ ഈ 'കൊടുത്ത' സ്ത്രീയോട് വലിയ അനുതാപമൊന്നും കാണിക്കുകയില്ല. 'അതിന്റെ തലേലെഴുത്ത് അങ്ങനെയായി' എന്ന് നിസ്സംഗതയോടെ ഇരിക്കുകയേയുള്ളൂ. വിധവയുടെ അവസ്ഥ ഇത്ര കഠിനമായതുകൊണ്ടാകാം അന്തര്‍ജനങ്ങളുടെ പ്രാര്‍ഥനകളും നോല്‍മ്പു നോക്കലുകളും പൂജകളും ഒക്കെ നെടുമംഗല്യം ഉണ്ടാവാന്‍ മാത്രമായിരുന്നു. അന്നൊക്കെ സുമംഗലിയായി ഇരിക്കുക എന്നതാണ് ഒരു അന്തര്‍ജനത്തിന്റെ ഏറ്റവും വലിയ ഭാഗ്യം. ചരടുപിടിച്ച് പഞ്ചാക്ഷരം ജപിക്കലാണ് പ്രധാന ഒഴിവുനേര കര്‍മം. തമിഴ് ബ്രാഹ്മണ സ്ത്രീകളുടെ ഇടയില്‍ വിധവയുടെ അവസ്ഥ ഇത്ര കഠിനമല്ലെന്ന് തോന്നുന്നു. വിധവ മുടി മുറിച്ച് തല മുണ്ഡനം ചെയ്യുന്നതായിരുന്നു അവരുടെ ഇടയില്‍ ഏറ്റവും ദയനീയമായ കാഴ്ച. വൈധവ്യം അവര്‍ക്കും വലിയ അമംഗളംതന്നെ. 'മൊട്ടച്ചി അമ്യാര്‍' ഒരു നല്ല ശകുനവും അല്ല. എന്നാല്‍ ഘോഷാസമ്പ്രദായം അവര്‍ക്കിടയില്‍ ഇല്ലാതിരുന്നതുകൊണ്ട് വീട്ടില്‍ അടച്ചിടേണ്ട കാര്യമുണ്ടായിരുന്നില്ല. പട്ടിണിവ്രതങ്ങളും ഇത്രയധികം ഉണ്ടായിരുന്നുവോ എന്നു സംശയം. വിധവയാകുന്നതോടെ വേഷാലങ്കാരങ്ങളിലും വ്യത്യാസം വരുന്നു. ചന്ദനം പിന്നീട് ഉപയോഗിക്കരുത്. ഭസ്മം നനച്ച് കുറിയിടുകയേ ആകാവൂ. വിരലില്‍ അണിയുന്ന മോതിരമാണ് അനുവദിക്കപ്പെട്ട ഒരേയൊരാഭരണം. പിണ്ഡം വെയ്ക്കുമ്പോള്‍ പവിത്രമോതിരം വിരലില്‍ വേണം. അത് പിന്നീട് എന്നും അണിയാം. വസ്ത്രത്തിന്റെ കാര്യത്തിലോ? പൊതുവില്‍ അന്തര്‍ജനങ്ങള്‍ക്ക് ആഘോഷമായ വസ്ത്രവൈവിധ്യ മൊന്നും ഇല്ല. സുമംഗലികളുടെയും വിധവകളുടെയും വസ്ത്രത്തിന് കരയില്‍ നേരിയ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. വേപ്പിലച്ചുട്ടിയുള്ളത് സുമംഗലികള്‍ക്കും എഴുത്താണിക്കരയുള്ളത് വിധവകള്‍ക്കും എന്നാണ്. കര പേരിനു മാത്രമേയുള്ളൂ. സുമംഗലികള്‍ക്ക് ഈ വേപ്പിലച്ചുട്ടിയുള്ള ശീലയ്ക്കു പുറമെ ഒരു കസവുകരപ്പുടവയും പുറത്തിറങ്ങുമ്പോള്‍ പുതയ്ക്കാന്‍ ഒരു വലിയ മല്ലുമുണ്ടും (ചേലപ്പുതപ്പ്) കൂടിയുണ്ട്. ഈ വകകള്‍ ഒന്നും വിധവയ്ക്കില്ല. ഈ വിധത്തിലുള്ള രണ്ടു തരം വസ്ത്രങ്ങളും വേണ്ട എണ്ണം തയ്യാറാക്കി പട്ടാമ്പിയിലെ വസ്ത്ര വ്യാപാരിയായ വീരമണി സ്വാമിയാണ് ഒരു കാളവണ്ടിയില്‍ പകരാവൂര് എത്തിച്ചിരുന്നത്. വര്‍ഷത്തിലൊരിക്കല്‍ ഇല്ലത്തു വന്നുപോയ ആ കാളവണ്ടി എനിക്കിപ്പോഴും ഓര്‍മയുണ്ട്. പട്ടാമ്പിയിലെ വീരമണി അതിനിടയ്ക്ക് വലിയ സ്ഥാപനമായും വളര്‍ന്നു.

എനിക്ക് രണ്ടു വയസ്സുള്ളപ്പോഴാണ് എന്റെ അച്ഛന്‍ മരിച്ചത്. എനിക്ക് തിരിച്ചറിവു വന്ന പ്രായം മുതല്‍ എന്റെ അമ്മയെയും വിധവയായാണ് കണ്ടിട്ടുള്ളത്. ചിട്ടയോടെ ഉപവാസങ്ങളും വ്രതങ്ങളും അനുഷ്ഠിച്ചാണ് അമ്മ കഴിഞ്ഞുപോന്നത്. എല്ലാ ഏകാദശി നാളുകളിലും അമ്മ പൂര്‍ണമായും ഉപവസിച്ചുപോന്നു. വല്ലപ്പോഴും വരുന്ന ശ്രാവണദ്വാദശിക്ക് ഏകാദശിയും ദ്വാദശിയുമായി രണ്ടുദിവസം ജലപാനംപോലും ഉപേക്ഷിച്ച് ഉപവസിച്ച് അമ്മ തളരുന്നത് എനിക്ക് ഓര്‍മ യുണ്ട്. ഇത്ര ക്ഷീണിച്ചിട്ടും ത്രയോദശി നാളില്‍ കുളിച്ച് നാലമ്പലം തൊഴുതുവന്ന് വിഷ്ണുപൂജ കഴിഞ്ഞതിനുശേഷം മാത്രമേ അമ്മ ജലപാനം ചെയ്തുള്ളൂ. തുടര്‍ച്ചയായ ഉപവാസംകൊണ്ട് തൊണ്ട വരണ്ടുപൊട്ടിയിരിക്കും. എന്നാലും മറ്റു വിധവകളുടെ ജീവിതവുമായി താരതമ്യം ചെയ്യുമ്പോള്‍ അമ്മയുടെ വൈധവ്യം അത്രമാത്രം ക്ലേശകരവും അവമാനിതവുമായിരുന്നില്ല. അതിനു കാരണം കുടുംബത്തിലും നാട്ടിലും അമ്മയ്ക്ക് കിട്ടിക്കൊണ്ടിരുന്ന ആദരവും പരിഗണനയും ആയിരുന്നിരിക്കണം. അതാകട്ടെ അമ്മയുടെ വ്യക്തിത്വത്തിന്റെ നേട്ടവുമായിരുന്നു. വളരെ നേരത്തെതന്നെ വൈധവ്യത്തിലേക്ക് എറിയപ്പെട്ട ഈ സ്ത്രീകളില്‍ ചിലപ്പോള്‍ വളരെ ബുദ്ധിമതികളും സുന്ദരികളും ധൈര്യവതികളും ഒക്കെയുണ്ടായിരുന്നു. അവരില്‍ ചിലര്‍ സംസ്‌കൃതം പഠിച്ച് ഭാഗവത സപ്താഹവും മറ്റും നടത്തി ജീവിതം മുന്നോട്ടു കൊണ്ടുപോവുകയും ചെയ്തു. കാരൂരിന്റെ 'പൂവമ്പഴം' എന്ന കഥയിലെ സുന്ദരിയായ അന്തര്‍ജനത്തെ ഓര്‍മ വരുന്നു. സഫലമാകാത്ത വികാരങ്ങള്‍ പലരിലും ഉണര്‍ന്നിരിക്കാം. നാലുകെട്ടിന്റെ തെക്കിനിയില്‍ നമ്പൂതിരിമാര്‍ ഊണുകഴിക്കുന്നതും പെരുമാറുന്നതുമൊക്കെ വടക്കിനിയുടെ അഴികള്‍ക്കിടയിലൂടെ ആ വിധവകള്‍ നോക്കിനില്‍ക്കുന്ന രംഗം എനിക്ക് ഓര്‍മയുണ്ട്. വിധവയുടെ പുനര്‍വിവാഹം എന്ന ആശയം നമ്പൂതിരിമാര്‍ക്കിടയിലെ നവോത്ഥാന പ്രസ്ഥാനത്തിന്റെ ഭാഗമായി വി.ടി.യും കൂട്ടരും മുന്നോട്ടുവെച്ചുവെങ്കിലും അതിന് തയ്യാറായി ഒരു വിധവയും മുന്നോട്ടു വന്നില്ല. അക്കാലത്ത് വി.ടി.യുടെ ഗൃഹത്തില്‍ വിധവയായി വന്ന ഭാര്യാസഹോദരി ഉമയെ ഒരുപാട് ഉപദേശങ്ങള്‍കൊണ്ട് ധൈര്യപ്പെടുത്തിയാണ് വിവാഹത്തിന് സന്നദ്ധയാക്കിയത്. വി.ടി.യുടെ കാര്‍മികത്വത്തില്‍ പ്രധാനപ്പെട്ട സമുദായ രാഷ്ട്രീയനേതാക്കളുടെ സാന്നിധ്യത്തില്‍ 'രസികസദന'ത്തില്‍ വെച്ചായിരുന്നു എം.ആര്‍.ബി. ഉമയെ വിവാഹംചെയ്തത്. തന്റെ മകന്‍ മരിച്ചിട്ട് മൂന്നുദിവസം മാത്രമായിരുന്നിട്ടുകൂടി പ്രസിദ്ധ സാമൂഹ്യപ്രവര്‍ത്തകയായിരുന്ന ആര്യാപള്ളം ഈ സുദിനത്തില്‍ പങ്കെടുക്കാനുള്ള അദ്ഭുതകരമായ ആവേശത്തോടെ വിവാഹത്തിന് എത്തിച്ചേരുകയുണ്ടായി. എനിക്കന്ന് ആറോ ഏഴോ വയസ്സാണ് പ്രായം. ഇല്ലത്തെ താമസക്കാരും വഴിപോക്കരും എന്തോ ആപത്ത് സംഭവിച്ചിരിക്കുന്നു എന്ന അര്‍ഥത്തില്‍ ശപിച്ച് വര്‍ത്തമാനം പറഞ്ഞത് ഓര്‍ക്കുന്നു. അന്തര്‍ജനങ്ങളുടെ ഭാഷയില്‍ അതൊരു തോന്ന്യാസമായിരുന്നു. 'ബാക്കി കാലം ഈശ്വരനെ വിചാരിച്ച് കഴിക്കാതെ ആ ചരടില്ലാത്ത 'ഏട്ഠ' എന്തിനാ ഇങ്ങനെ പുറപ്പെട്ടത്' എന്നും മറ്റും അകത്തുള്ളവര്‍ സദസ്സുകൂടി പറയുന്നതുകേട്ട ഓര്‍മയുണ്ട്.

എം.ആര്‍.ബി.ക്കും പ്രേംജിക്കുമൊക്കെ നമ്പൂതിരിസമുദായം ഭ്രഷ്ട് കല്പിച്ചു. ഇല്ലങ്ങളിലും അമ്പലങ്ങളിലും പ്രവേശനമില്ല. ഞാന്‍ വിവാഹിതയായി നിലയങ്ങോട്ട് എത്തിയപ്പോള്‍ എം.ആര്‍.ബി.യും വി.ടി.യും പത്‌നീസമേതരായി അവിടെ വന്ന് താമസിക്കുക പതിവാണ് എന്നറിഞ്ഞു. ഇല്ലക്കുളങ്ങളില്‍ കുളിക്കാന്‍ കഴിയാതിരുന്ന അവര്‍ നിലയങ്ങോട്ട് സന്തോഷത്തോടെ കുളിച്ച് താമസിച്ചു. അവിടെ വരുന്ന അന്തര്‍ജനങ്ങള്‍ക്ക് ഇവരെ കാണണമെന്നും കാണരുതെന്നും ഉള്ള ഇരട്ട വിചാരമായിരുന്നു. വിവാഹിതരായിട്ടും കഴുത്തില്‍ ചരടില്ലാത്ത ഇവരെ ദൂരെ നിന്ന് ഒളിഞ്ഞുനോക്കി അവര്‍ കൃതാര്‍ഥരായി. യാഥാസ്ഥിതികതയ്ക്ക് വേരറ്റുപോവാന്‍ കാലം കുറച്ചധികം വേണം. വിധവാവിവാഹം ചെയ്ത പ്രേംജിയുടെ ഇളയ മകന്‍ ഇന്ദുചൂഡന്‍ എന്റെ ചെറിയേട്ടന്റെ മകള്‍ മണിയെയാണ് വിവാഹം കഴിച്ചത്. ആ വിവാഹം തീരുമാനിച്ചപ്പോള്‍ മണിയുടെ അമ്മമ്മ മകളോട് പറഞ്ഞുവത്രെ: 'കുട്ടീ, നിനക്ക് വേറെ പെണ്‍മക്കളൊന്നും ഇല്ലല്ലോ. ഒന്നല്ലേ ഉള്ളൂ. എന്നിട്ടാണോ ഒരു ചരടില്ലാത്തതിന്റെ മകനു കൊടുക്കുന്നത്?' ഇരുപത്തെട്ടുകൊല്ലം മുമ്പായിരുന്നു അത്. ഇപ്പോള്‍ ആ അമ്മമ്മ ഇല്ല. ഉണ്ടെങ്കില്‍ അവരും മാറിക്കഴിഞ്ഞിരിക്കും എന്നു തോന്നുന്നു.

(കാലപ്പകര്‍ച്ചകള്‍ എന്ന പുസ്തകത്തില്‍ നിന്ന്)കട : മാതൃഭൂമി ബുക്സ്

No comments:

Post a Comment