കിളിരൂര്‍ ഫയല്‍ പൂഴ്ത്തല്‍ കേസ് എഴുതിത്തള്ളണമെന്ന് പോലീസ്
Posted on: 22 Feb 2011
തിരുവനന്തപുരം: ആരോഗ്യമന്ത്രി പി.കെ.ശ്രീമതിയടക്കമുള്ളവര്‍ ചേര്‍ന്ന് സെക്രട്ടേറിയറ്റിലുണ്ടായിരുന്ന കിളിരൂര്‍ ഫയല്‍ പൂഴ്ത്തിയെന്ന കേസ് എഴുതിത്തള്ളണമെന്ന് പോലീസ്. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട്-മൂന്ന് കോടതിയിലാണ് കന്‍േറാണ്‍മെന്‍റ് പോലീസ് രണ്ടാംതവണയും ഇക്കാര്യമാവശ്യപ്പെട്ടത്. നേരത്തെ പോലീസിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. തുടരന്വേഷണത്തിനും ഉത്തരവിട്ടിരുന്നു. ഫയലുകള്‍ മോഷ്ടിക്കപ്പെട്ടൂവെന്ന ആരോപണം വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് തുടരന്വേഷണത്തിലും ബോധ്യപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞദിവസം പോലീസ് വീണ്ടും കോടതിയെ സമീപിച്ചത്. പോലീസ് റിപ്പോര്‍ട്ട് കോടതി പിന്നീട് പരിഗണിക്കും.
പത്ര-ദൃശ്യമാധ്യമങ്ങളില്‍ വന്ന കഴമ്പില്ലാത്ത വാര്‍ത്തകളെമാത്രം അടിസ്ഥാനമാക്കിയാണ് പരാതിക്കാരനായ അഡ്വ. നെയ്യാറ്റിന്‍കര പി.നാഗരാജിന്റെ ആരോപണങ്ങളെന്ന് പോലീസ് പറയുന്നു. കിളിരൂരിലെ ശാരി എസ്. നായരുടെ ദുരൂഹമരണം സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിനെഴുതിയ കത്ത്, തുടര്‍ന്നുള്ള ഓര്‍മപ്പെടുത്തലുകള്‍, ശാരിയുടെ അച്ഛന്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനം എന്നിവ അടങ്ങിയ ഫയല്‍ പൂഴ്ത്തിയെന്നാണ് നാഗരാജിന്റെ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്.
എന്നാല്‍ ഈ രേഖകളുടെ പകര്‍പ്പുകള്‍ ആഭ്യന്തരവകുപ്പിലുണ്ടെന്ന് പോലീസ് പറയുന്നു. യഥാര്‍ഥ രേഖകള്‍ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് അയച്ചിട്ടുണ്ട്. സ്മാര്‍ട്ട്‌സിറ്റി ഫയലുകള്‍ കാണാതായി എന്ന ആരോപണവും ശരിയല്ലെന്ന് പോലീസ് കോടതിയെ അറിയിച്ചു.
ആരോഗ്യമന്ത്രി പി.കെ.ശ്രീമതി, രണ്ട് മന്ത്രിപുത്രന്മാര്‍, മുഖ്യമന്ത്രിയുടെ മുന്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയും രാജ്യസഭാംഗവുമായ കെ.എന്‍.ബാലഗോപാല്‍, മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എസ്. രാജേന്ദ്രന്‍, കവിയൂര്‍ കേസിലെ പ്രതി ലതാനായര്‍ എന്നിവര്‍ക്കെതിരെയാണ് ഫയല്‍ മോഷണം ആരോപിച്ചിരുന്നത്.
No comments:
Post a Comment