കിളിരൂര്‍ ഫയല്‍ പൂഴ്ത്തല്‍ കേസ്: കോടതിയില്‍ സര്‍ക്കാരിന് മൗനം
Posted on: 19 Jan 2011
തിരുവനന്തപുരം: കിളിരൂരിലെ ശാരി.എസ്.നായരുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിലുണ്ടായിരുന്ന ഫയലുകള്‍ പൂഴ്ത്തിയെന്ന കേസ് കോടതി പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ മൗനം പാലിച്ചു.
ആരോഗ്യമന്ത്രി പി.കെ.ശ്രീമതി, രണ്ട് മന്ത്രിപുത്രന്മാര്‍, മുഖ്യമന്ത്രിയുടെ മുന്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയും ഇപ്പോള്‍ രാജ്യസഭാംഗവുമായ കെ.എന്‍. ബാലഗോപാല്‍, മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എസ്. രാജേന്ദ്രന്‍, കിളിരൂര്‍ കേസിലെ പ്രതി ലതാനായര്‍ എന്നിവര്‍ പ്രതിപ്പട്ടികയിലുള്ള കേസിലാണ് സര്‍ക്കാരിന്റെ മൗനം.
ഫയല്‍ പൂഴ്ത്തല്‍ കേസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ടിന് വേണ്ടിയാണ് കേസ് കോടതി പരിഗണിച്ചത്. ചൊവ്വാഴ്ച കേസ് വിളിച്ചപ്പോള്‍ തുടരന്വേഷണ റിപ്പോര്‍ട്ട് കന്‍േറാണ്‍മെന്റ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചില്ല. അന്വേഷണ ഉദ്യോഗസ്ഥനോ, പ്രതിനിധിയോ കോടതിയിലെത്തിയതുമില്ല. പ്രോസിക്യൂഷന്‍ സഹായിയായ കന്‍േറാണ്‍മെന്റ് എ.എസ്.ഐ. മോഹന്‍ കോടതിയില്‍നിന്ന് ഇറങ്ങിപ്പോയി. കോടതിയിലുണ്ടായിരുന്ന സര്‍ക്കാര്‍ അഭിഭാഷകന്‍ കെ. ബാലചന്ദ്രമേനോന്‍ എഴുന്നേറ്റില്ല. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെടാന്‍ പോലും സര്‍ക്കാര്‍ അഭിഭാഷകന്‍ തയ്യാറായില്ല.
മാര്‍ച്ച് 30ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് എഫ്.അഷിദ നിര്‍ദേശം നല്‍കി.
കിളിരൂര്‍ കേസ് സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിനെഴുതിയ കത്ത്, ശാരിയുടെ അച്ഛന്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനം തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ഫയലാണ് അപ്രത്യക്ഷമായത്. മന്ത്രി ശ്രീമതിയടക്കമുള്ളവര്‍ ചേര്‍ന്ന് ഫയല്‍ മുക്കിയെന്നാണ് ആരോപണം.
ഫയല്‍ സെക്രട്ടേറിയറ്റില്‍ തന്നെയുണ്ടെന്നും കേസ് എഴുതിത്തള്ളണമെന്നും കന്‍േറാണ്‍മെന്റ് പോലീസ് നേരത്തെ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അന്വേഷണത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി കോടതി ആവശ്യം നിരസിച്ചു. കഴിഞ്ഞ നവംബര്‍ 20ന് തുടരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
No comments:
Post a Comment