Sunday, 2 June 2013

കമല്‍, തമിഴ് സിനിമയില്‍ നടന്‍മാര്‍ക്ക് ഇത്ര ക്ഷാമമോ?'

കമല്‍, തമിഴ് സിനിമയില്‍ നടന്‍മാര്‍ക്ക് ഇത്ര ക്ഷാമമോ?'

ലോകത്തിലെ ഏറ്റവും മുന്തിയ തുണികൊണ്ട് താങ്കള്‍ക്കൊരു കുപ്പായം തയ്ച്ചുതരാമെന്ന് തയ്യല്‍ക്കാരന്‍ രാജാവിനോട് പറഞ്ഞു. ഈ വസ്ത്രത്തിന്റെ പ്രത്യേകത സത്യം പറയുന്നവരുടെ കണ്ണുകള്‍ക്ക് മാത്രമേ അത് കാണാന്‍ കഴിയൂ എന്നതാണ്. മറ്റുള്ളവര്‍ക്ക് കാണാന്‍ പറ്റില്ല. അവസാനം ആ സവിശേഷമായ വസ്ത്രം ധരിപ്പിക്കേണ്ട ദിവസവും വന്നു. തയ്യല്‍ക്കാരന്‍ വന്ന് വെറുതെ വസ്ത്രം ധരിപ്പിക്കുന്നതായി ഭാവിച്ചു. രാജാവിന് തന്റെ നഗ്‌നനത കണ്ടപ്പോള്‍ ലജ്ജ. എന്നാല്‍ അത് പുറത്ത് പറഞ്ഞാല്‍ തന്നെ നുണയന്‍ എന്ന് വിളിക്കില്ലേ എന്ന ഭയവും. അതുകൊണ്ട് 'ആഹാ, അത്ഭുതകരമായ ഉടുപ്പ് ' എന്ന് പറഞ്ഞ് തയ്യല്‍ക്കാരന് ധാരാളം പൊന്നും സമ്മാനങ്ങളും നല്‍കി. 

റാണിയും തന്റെ പങ്ക് പുകഴ്ത്തി. സത്യം പറഞ്ഞാല്‍ 'നുണച്ചി' എന്ന പേരുവരുമെന്നതിന് പുറമേ തന്റെ അതുവരെയുള്ള കള്ളത്തരമെല്ലാം പുറത്താകുമോയെന്നായിരുന്നു അവള്‍ക്ക് ഭയം. അവളും 'ആഹാ, ഓഹോ' എന്ന് പുകഴ്ത്തി. ഈ അഞ്ച് തങ്കപ്പതക്കങ്ങളും ഏത്ര കൃത്യമായിരിക്കുന്നു എന്ന് പറഞ്ഞു. താന്‍ നല്ലവനല്ലെങ്കിലും തന്റെ ഭാര്യ പതിവ്രതയും ബുദ്ധിമതിയുമാണെന്ന് വിശ്വസിക്കുന്ന സാധാരണ പുരുഷന്മാരെപ്പോലെ റാണിയുടെ വാക്കുകള്‍ വിശ്വസിച്ച് രാജാവ് പട്ടണപ്രദക്ഷിണത്തിന് ഇറങ്ങി.

മന്ത്രിമാരും മറ്റ് ശിങ്കിടികളും ആ വസ്ത്രം കണ്ട് പുകഴ്ത്തിയതായിരുന്നു യഥാര്‍ഥ കവിത. അത് അരുവിപോലെ ഒഴുകി. എന്നാല്‍ ഈ വിഡ്ഢിത്തമെല്ലാം കണ്ട് ഒരു പയ്യന്‍ 'അയ്യോ രാജാവ് തുണിയുടുത്തിട്ടില്ലേ' എന്ന് വിളിച്ചുപറഞ്ഞു കൊണ്ടോടി. സംഗതി പിടികിട്ടിയ രാജാവ് നാണംകെട്ട് അരമനയിലേക്ക് ഓടിയൊളിച്ചു.ദശാവതാരമെന്ന സിനിമ 'ലോേകാത്തരമായ' ആ ഉടുപ്പ് പോലെയാണ്. കരുണാനിധിയും മനോരമയുമെല്ലാം ഈ സിനിമയെ അത്തരത്തിലാണ് പുകഴ്ത്തിയിരിക്കുന്നത്. കരുണാനിധി അടുത്തകാലത്ത് പുറത്തുവന്ന തന്റെ കണ്ണമ്മാ എന്ന സിനിമയെ ഓര്‍ത്തിട്ടാണോ ഇങ്ങനെ വാഴ്ത്തിയതെന്നും സംശയമുണ്ട്. ''

പുണെയില്‍ നിന്ന് എന്റെ വായനക്കാരനായ ഭൂപതിയെഴുതിയ കത്താണ് മുകളില്‍ കൊടുത്തത്. 

മഹാനദി എന്ന സിനിമ കണ്ടതിന് ശേഷം കമലഹാസനെ എന്റെ സഹയാത്രികനായിട്ടാണ് ഞാന്‍ കണ്ടു വരുന്നത്.
ജാതി, വര്‍ഗ, ഭാഷ പോരുകള്‍ നിറഞ്ഞ തമിഴ് സിനിമാലോകത്തില്‍ എന്റെ അറിവനുസരിച്ച് കമലഹാസന്‍ മാത്രമാണ് അത്തരം ഇടുങ്ങിയ ചിന്താഗതികളില്ലാതെ ആധുനിക വീക്ഷണമുള്ള ഒരേയാള്‍. അടുത്തകാലത്ത് നടന്ന ഹൊങ്കനേക്കല്‍ നിരാഹാര സത്യാഗ്രഹ നാടകത്തില്‍പ്പോലും രജനിയുള്‍പ്പെടെ എല്ലാ നടീനടന്മാരും കര്‍ണാടകത്തിനെതിരെ വികാരാവേശത്തോടെ പോര്‍വിളികളുമായി എടുത്തുചാടിയപ്പോള്‍ കമല്‍ മാത്രമാണ് ഭാഷാഭ്രാന്തിന് അടിമയാകാതെ സ്ഥിരചിത്തതയോടെ സംസാരിച്ചത്. തമിഴ് സമൂഹം വ്യാജമായി ആഘോഷിച്ചുകൊണ്ടിരിക്കുന്ന ചാരിത്ര്യം, ഒരുവന് ഒരുത്തി എന്നീ കാലഹരണപ്പെട്ട സിദ്ധാന്തങ്ങളെല്ലാം തൂക്കിയെറിഞ്ഞയാളാണ് കമല്‍. അദ്ദേഹത്തിന്റെ ഭൂരിപക്ഷം സിനിമകളിലേയും നായകന്മാര്‍ ലൈംഗിക തൊഴിലാളികളെയാണ് വിവാഹം ചെയ്യുന്നത്. അല്ലെങ്കില്‍ ലൈംഗിക തൊഴിലാളിയുടെ മകനായിരിക്കും. അല്ലെങ്കില്‍ മുമ്പ് വിവാഹം കഴിച്ച് പുറന്തള്ളപ്പെട്ട ഒരുത്തിയെ വിവാഹം കഴിക്കും. ഇത് സമൂഹത്തിന് ഉപദേശം നല്‍കുന്നതുപോലെയല്ലാതെ സ്വന്തം ജീവിതത്തിലും നടപ്പാക്കിയ ആളാണ് കമല്‍. 

അതുപോലെ ലോക സിനിമയെപ്പറ്റി വിശദമായ അറിവും വീക്ഷണവുമുള്ളയാള്‍. കമല്‍ എനിക്കയച്ച ഒരു കത്തില്‍ 'അമരോസ് പരോസ്' പുറത്ത് വന്ന സമയത്ത് തന്നെ അതിനെപ്പറ്റി പറഞ്ഞിരുന്നു. അതേ കത്തില്‍ ക്യൂബന്‍ സംവിധായകനായ തോമസ് അലയായുടെ വളരെ പ്രധാനപ്പെട്ട ചിത്രമായ Memories of under development നെപ്പറ്റിയും വളരെ വിശദമായി എഴുതിയിരുന്നു. ലോകത്തിന്റെ ഏത് മൂലയില്‍ ഏത് നല്ല സിനിമ വന്നാലും അത് കാണുന്നയാ ളാണ് കമല്‍. അദ്ദേഹത്തിന് സിനിമയോടുള്ള passion തന്നെയാണ് അതിന് കാരണം. മറ്റ് നടീനടന്മാരെപ്പോലെ സിനിമയില്‍ നിന്ന് സമ്പാദിക്കുന്ന പണം സ്വത്ത് വകകളായി മാറ്റാതെ വീണ്ടും സിനിമയില്‍ തന്നെ നിക്ഷേപിക്കുന്ന കമലിന്റെ സ്വഭാവം അദ്ദേഹത്തിന്റെ സിനിമയോടുള്ള സ്‌നേഹത്തിന് മറ്റൊരു ഉദാഹരണമാണ്. അതിനാല്‍ തമിഴ് സിനിമയില്‍ എനിക്ക് ഏറ്റവുമധികം സ്‌നേഹമുള്ള ഒരാളായിരുന്നു കമല്‍. അദ്ദേഹത്തെ എന്റെ നിരയിലുള്ള ഒരാളായി ഞാന്‍ കണക്കാക്കിയിരുന്നു. അടുത്തകാലത്ത് ഞാന്‍ കേയാസ് തിയറിയെപ്പറ്റി എഴുതിയിരുന്നു. ഇപ്പോള്‍ കമലും അതേ കേയാസ് തിയറിയെ അടിസ്ഥാനപ്പെടുത്തി ദശാവതാരം എടുത്തിരിക്കുന്നു. ആ തിയറയും ദശാവതാരവും തമ്മില്‍ ഒരു ബന്ധവുമില്ലെങ്കിലും കേയാസ് തിയറിയെപ്പറ്റി ചിന്തിക്കാന്‍ കഴിയുന്ന ഒരാള്‍ തമിഴ് സിനിമയിലുണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ എനിക്ക് സന്തോഷം തോന്നുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും കുറച്ച് സംശയത്തോടെയാണ് ഞാന്‍ ദശാവതാരം കാണാന്‍ പോയത്. കാരണം ലോകത്തില്‍ ആരും ഒരേ സിനിമയില്‍ പത്ത് റോളില്‍ അഭിനയിച്ചിട്ടില്ല. സിനിമ എന്നത് സാഹിത്യം പോലെ ഒരു കലാരൂപമാണ്. സര്‍ക്കസ്സല്ല. സര്‍ക്കസ്സില്‍ മാത്രമാണ് ഇങ്ങനെ പത്ത് റോളില്‍ അഭിനയിക്കുകയെന്ന കോമാളിത്തരമൊക്കെ സാധിക്കുക. സര്‍ക്കസ്സില്‍ മാത്രമേ ആന ഡാന്‍സ് ചെയ്യുകയും കുരങ്ങും കരടിയും ഫുട്‌ബോള്‍ കളിക്കുകയും ചെയ്യൂ. അതാണ് ഇവിടെ രാമനാരായണന്‍ എന്നൊരാള്‍ സിനിമയില്‍ ചെയ്യുന്നത്. അദ്ദേഹത്തിന്റെ സിനിമകളിലേ സര്‍പ്പം ടൈപ്പ് ചെയ്യുകയും വില്ലന്‍ നായികയെ ബലാല്‍സംഗം ചെയ്യുമ്പോള്‍ പാമ്പ് വന്ന് വില്ലനോടേറ്റുമുട്ടി അയാളെ ഓടിക്കുകയും ചെയ്യൂ. ഇതെല്ലാം ലോക സിനിമയെപ്പറ്റി അറിയുന്ന കമല്‍ ചെയ്യാന്‍ പാടുണ്ടോ? രാമനാ രായണനെ ഞാന്‍ കുറ്റം പറയില്ല. കാരണം അദ്ദേഹം അത് വിശദമായി പറഞ്ഞിട്ടുണ്ട്. 'പെണ്ണുങ്ങള്‍ ടൈപ്പ് ചെയ്യുന്ന പടമെടുത്തു. ഓടിയില്ല. പിന്നെ പാമ്പ് ടൈപ്പ് ചെയ്യുന്ന പടമെടുത്തു നന്നായി ഓടി.' ഇത്തരം എന്തെങ്കിലും വിശദീകരണം കമലിനുണ്ടോ? ഒരു നടന്‍ പത്ത് വേഷങ്ങളില്‍ അഭിനയിക്കുന്നതും പാമ്പ് ടൈപ്പ് ചെയ്യുന്നതും ഒരുപോലെയല്ലേ? അതുകൊണ്ടാണ് ദശാവതാരം കാണാന്‍ സംശയത്തോടെ പോയത്. 

പടം തുടങ്ങുമ്പോഴുള്ള പന്ത്രണ്ടാം നൂറ്റാണ്ടിലെ സീന്‍ പലരേയും ഞെട്ടിച്ചു കളഞ്ഞു. കാരണം ഇതുവരെ തമിഴ് ചരിത്ര സിനിമകളില്‍ അട്ടൈപെട്ടികള്‍ അടുക്കിവെച്ചാണ് അരമനയുണ്ടാക്കാറുള്ളത്. രാജാവ് നടക്കുമ്പോള്‍ പടിക്കെട്ടുകള്‍ ആടും. രണ്ട് രാജാക്കന്മാര്‍ തമ്മിലുള്ള യുദ്ധമാണെങ്കില്‍ അമ്പത് പേര്‍ വീതം കുതിരപ്പുറത്തിരുന്ന് ഇരുഭാഗത്തുമായി ഏറ്റുമുട്ടും (ഉദാഹരണം ശിവാജി ഗണേശന്റെ തിരുവിളയാടല്‍). ദശാവതാരത്തില്‍ അങ്ങനെയല്ലാതെ യഥാര്‍ഥ കോവിലും ജനക്കൂട്ടത്തേയുമാണ് കാണിച്ചിരിക്കുന്നത്. എന്നാല്‍ ഈ പശ്ചാത്തലം മാത്രമാണ് യാഥാര്‍ഥ്യം. ചിദംബരം കോവിലിലെ പെരുമാളിന്റെ വിഗ്രഹം രക്ഷിക്കാനായി രങ്കരാജനമ്പി (കമലിന്റെ ആദ്യത്തെ അവതാരം) കുലോത്തുംഗചോളന്റെ ആളുകളെ ഓരോരുത്തരെയായി അടിച്ച് നിലംപരിശാക്കുമ്പോള്‍ വിജയ് ത്രിഷയെ പ്രകാശ്‌രാജിന്റെ കൈയില്‍നിന്ന് രക്ഷിക്കാനായി എന്തൊക്കെ ഹീറോ ആക്ഷന്‍സ് ചെയ്യുമോ അതെല്ലാം കമലും ചെയ്യുന്നുണ്ട്. കുലോത്തുംഗനായി വരുന്ന നെപ്പോളിയന്‍ ഒരു കൊമേഡിയനെപ്പോലെയാണിരിക്കുന്നത്. അത് ശരി പന്ത്രണ്ടാം നൂറ്റാണ്ടില്‍ മനം, ബുദ്ധി, ഇന്ദ്രിയം എന്നിവയെ പ്രവര്‍ത്തിപ്പിക്കാതെ സത്വഗുണത്തെ മാത്രം കാംക്ഷിപ്പിച്ച് ആരെങ്കിലും ഭിക്ഷനല്‍കുന്ന ആഹാരം മാത്രം കഴിച്ച് പെരുമാള്‍സേവ ചെയ്തുകൊണ്ടിരുന്ന ശ്രീ വൈഷ്ണവര്‍ ഇങ്ങനെ മല്ലയുദ്ധക്കാരെപ്പോലെയായിരുന്നോ?

ഈ പന്ത്രണ്ടാം നൂറ്റാണ്ടിലെ തുടക്കത്തില്‍നിന്ന് കഥ പിന്നെ യാതൊരു ബന്ധവുമില്ലാതെ ഇരുപത്തിയൊന്നാം നൂ റ്റാണ്ടിലേക്ക് ചാടിപ്പോവുകയാണ്. പിന്നെ എവിടെ ഈ രങ്കരാജ നമ്പി? അത്തരം ചോദ്യങ്ങളൊന്നും ചോദിക്കാന്‍ പാടില്ല. കമല്‍ ആഗ്രഹിച്ചു അത്ര തന്നെ. 
അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ഗോവിന്ദ് (കമല്‍) ലോകം മുഴുവന്‍ നശിപ്പിക്കാന്‍ കഴിയുന്ന വൈറസ്സിനെ കണ്ടുപിടിക്കുന്നു. അതിന് സാമ്പത്തികസഹായം ചെയ്യുന്നതോ അമേരിക്കന്‍ പ്രസിഡന്റ് ബുഷ് (ബുഷും കമല്‍ തന്നെ). ആ വൈറസ്സിനെ ഗോവിന്ദിന്റെ കൈയില്‍നിന്ന് തട്ടിയെടുത്ത് വില്‍ക്കാന്‍ ശ്രമിക്കുകയാണ് ഫ്‌ളെഷര്‍ എന്ന അമേരിക്കന്‍ വില്ലന്‍. ഈ ഫ്‌ളെഷറും കമല്‍ തന്നെയാണ്. അവരുടെ കൂടെ റോ ഉദ്യോഗസ്ഥനായ ബല്‍റാം നായിഡു, രുക്മണി പാട്ടി (105 വയസ്സ്), പഞ്ചാബി ഗായകനായ അവതാര്‍സിങ്്, ഏഴടി ഉയരമുള്ള ഖലീഫുള്ള, സഹോദരിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യാന്‍ നടക്കുന്ന ജപ്പാനീസ് കരാട്ടേ യോദ്ധാവ് എന്നിങ്ങനെ പത്ത് വേഷ ങ്ങളിലാണ് കമല്‍ 'തിളങ്ങു'ന്നത്. Narcissism എന്ന് കേട്ടിട്ടില്ലേ എന്നാല്‍ നാര്‍സിസം ഒരു രോഗമായി സമൂഹത്തെ മുഴുവന്‍ നശിപ്പിക്കുന്നത് കമലിന്റെ നാര്‍സിസമാണ്. അത് ദശാവതാരം എന്ന ചിത്രത്തില്‍ കാണാം. 

''ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ തെരുവുനാടകങ്ങള്‍ക്ക് നല്ല സ്വീകരണം ലഭിച്ചിരുന്നു. അന്ന് സന്ധ്യക്ക് നാടകമുണ്ടെന്ന് കേട്ടപ്പോള്‍ അടുത്തവീട്ടിലെ പാട്ടിയെ ചെന്നു വിളിച്ചു. 'പോടാ, ഞാന്‍ വരുന്നില്ല. അതെല്ലാം കുടുംബബന്ധങ്ങളെപ്പറ്റിയുള്ള നാടകങ്ങളാണ്' എന്ന് പാട്ടി. പ്രചാരണ സ്വഭാവമുള്ള എല്ലാ നാടകങ്ങള്‍ക്കും പാട്ടി നല്‍കിയ പേരായിരുന്നു അത്. ഏകദേശം അതുപോലെയാണ് ക്രൈസ്തവ മുസ്‌ലിം കമലുകള്‍' എന്ന് പറയുന്നു ഭൂപതിയെന്ന ആ വായനക്കാരന്‍. 

ഖലീഫുള്ളയായി വരുന്ന ഏഴടി കമല്‍ തീര്‍ച്ചയായും ഒരു സര്‍ക്കസ്സ് കോമാളിയാണ്. എന്തിന്, ഏഴടി ഒമ്പതടി ഉയരത്തില്‍ പൊയ്ക്കാല്‍ വെച്ച് നടക്കുന്ന ബഫൂണുകളെ നാട്ടിലെ സര്‍ക്കസ്സില്‍ നമ്മള്‍ കണ്ടിട്ടില്ലേ? 'അപൂര്‍വ സഹോദരര്‍'കളില്‍ കുള്ളനായി അഭിനയിച്ചുകഴിഞ്ഞതിനാല്‍ കമലിന് പൊക്കമുള്ള ആളായി അഭിനയിക്കാന്‍ ആശ തോന്നിയത്രേ. അല്ലാതെ കഥയും ഖലീഫുള്ളയും തമ്മില്‍ ഒരു ബന്ധവുമില്ല. ഇനി രുക്മണി പാട്ടിയായി വരുന്ന കമലോ, ജന്തുദ്രോഹ നിവാരണനിയമം എന്നൊരു നിയമമുണ്ട്. അതനുസരിച്ച് സിനിമയില്‍ കുതിര, കുരങ്ങ് മുതലായ മൃഗങ്ങളെ ആരും പീഡിപ്പിക്കാന്‍ പാടില്ല. എന്നാല്‍ കമല്‍ ചെയ്യുന്നതുപോലെ സ്വയം പീഡിപ്പിക്കാന്‍ പാടുണ്ടോ? സ്വന്തം ശരീരമാണെന്നതുകൊണ്ട് ഇങ്ങനെ പീഡിപ്പിക്കാമോ? അതും എന്തെങ്കിലും ഗൗരവമായ കാര്യത്തിനാണെങ്കില്‍ ശരി. പേ, പേയെന്ന് പറയുന്ന സര്‍ക്കസ്സ് കോമാളി വേഷങ്ങള്‍ക്കായിട്ടാണ് ഈ പീഡനം.

ദളിത് നേതാവായി വരുന്ന വിന്‍സെന്റ് പൂവരങ്കന്റെ കാര്യം അതിലും കഷ്ടമാണ്. നമ്മള്‍ എത്ര ദളിതരെ പിന്തുണയ്ക്കുന്ന ചിന്തകളുള്ള ആളായാലും നമുക്കുള്ളില്‍ ഉറച്ചിരിക്കുന്ന മേല്‍ജാതി മനോഭാവം ഇത്തരത്തില്‍ ദളിത് വിരോധമായി പുറത്ത് വരും എന്നതിന് ഈ കഥാപാത്രത്തിന്റെ ചിത്രീകരണം ഒന്നാന്തരം ഉദാഹരണമാണ്. പടത്തിലെ എല്ലാ കഥാപാത്രങ്ങളെയും നല്ല ഭംഗിയായും വൃത്തിയായും കാണിച്ചിരിക്കുമ്പോള്‍ പൂവരങ്കനെ മാത്രം എന്തിനാണ് ഇത്ര വൃത്തികെട്ട രൂപത്തില്‍ കാണിച്ചിരിക്കുന്നുത്? (ഇദി അമീനെ ഓര്‍മിക്കുക) എന്താ ദളിത് ജനങ്ങള്‍ ഇത്ര വൃത്തിയില്ലാത്ത രൂപമുള്ളവരാണോ? ഇതിലെ മറ്റൊരു ക്രൂരമായ തമാശയെന്താണെന്ന് വെച്ചാല്‍ വില്ലന്‍ കമല്‍ ഒഴികെ മറ്റെല്ലാ കമലുകള്‍ക്കും സിനിമയുടെ അന്ത്യത്തില്‍ നല്ല ജീവിതം കിട്ടുന്നു. ശാസ്ത്രജ്ഞനായ ഗോവിന്ദ് ഹീറോയിന്‍ അസിനോട് ദൈവത്തെപ്പറ്റി തര്‍ക്കിക്കുന്നു. എന്നാല്‍ ദളിത് നേതാവ് വിന്‍സെന്റ് പൂവരങ്കന്‍ മാത്രം ഒരു മണല്‍ക്കൊള്ളക്കാരന്റെ കുഞ്ഞിനെ രക്ഷിക്കാനായി തന്റെ ജീവന്‍ ബലികൊടുക്കുന്നു. അതെന്ത് ന്യായമാണ്? ഉയര്‍ന്ന ജാതിക്കാര്‍ക്കുവേണ്ടി ദളിതര്‍ കാലാകാലമായി സ്വന്തം ജീവന്‍ ബലികൊടുത്തുകൊണ്ടിരിക്കണോ?

ഈ ദളിത് സീനുകളില്‍ വരുന്ന മറ്റൊരു തമാശ സിനിമാ ഗാനരചയിതാവ് കപിലനാണ്. ഇദ്ദേഹം കവി കപിലനായി തന്നെയാണ് സിനിമയില്‍ വരുന്നത്. വരട്ടെ. സാരമില്ല. എന്നാല്‍ തന്റെ നേതാവ് ചെറുപ്പത്തില്‍ തന്നെ അപ്രതീക്ഷിതമായി കൊല്ലപ്പെടുമ്പോള്‍ കപിലന്‍ കവിത പാടി തന്റെ ശോകത്തെ വെളിപ്പെടുത്തുകയാണ്. കവിയരങ്ങിലല്ല. ദളിത് നേതാവ് വിന്‍സെന്റിന്റെ മൃതദേഹത്തിന് എതിരെ നിന്ന്. കൊന്നുകളയും അയ്യാ, കൊന്നുകളയും! തങ്ങളുടെ നേതാവ് കൊല്ലപ്പെട്ടതിന്റെ വികാരത്താല്‍ പ്രക്ഷുബ്ധരായ അണികള്‍ ആ സമയത്ത് ആരെങ്കിലും കയറി കവിതപാടിയാല്‍ അവനെ ജീവനോടെ വിടുമോ? ഈ അടിസ്ഥാനമായ കാര്യം പോലും കമല്‍ അറിയുന്നില്ല. വിന്‍സെന്റിനെതിരെ വരുന്ന വില്ലന്‍ സന്താനഭാരതിയാണ്. എന്തിനാണ് ഈ നടന്‍ ഇത്രയും വര്‍ഷങ്ങള്‍ തുടര്‍ച്ചയായി സ്ത്രീകളെ ബലാല്‍സംഗം ചെയ്തുകൊണ്ടിരിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. കമലിന് ഉലകനായകന്‍ എന്ന ബിരുദം നല്‍കുമ്പോള്‍ സന്താനഭാരതിക്ക് ബാലാല്‍സംഗനായകനെന്ന ബിരുദം നല്‍കേണ്ടി വരും. 

ദളിതുകളെ അപമാനിച്ചതുപോലെ മുസ്‌ലീങ്ങളെയും കമല്‍ ദശാവതാരത്തില്‍ വളരെ മോശമായി അപമാനിച്ചിരിക്കുന്നു. ഖലീഫുള്ളയെയും അയാളുടെ കുടുംബത്തെയും എതോ അഫ്ഗാനിസ്താനിലെ ആളുകളെപ്പോലെയാണ് കാണിച്ചിരിക്കുന്നത്. അവര്‍ സംസാരിക്കുന്ന ഭാഷ, വസ്ത്രധാരണരീതി, രൂപം, പെരുമാറ്റം എന്നിവയെല്ലാം അഫ്ഗാന്‍ മുസ്‌ലിങ്ങളെയാണ് ഓര്‍മിപ്പിക്കുന്നത്. തമിഴ്‌നാട്ടിലെ മുസ്‌ലിങ്ങള്‍ ഇങ്ങനെയാണോ? ഇവിടെ ആരുടെ മത അടയാളവും അവരുടെ രൂപത്തില്‍നിന്ന് കണ്ടുപിടിക്കാന്‍ കഴിയില്ല. ചിലരുണ്ടാവും. എന്നാല്‍ ഭൂരിപക്ഷം പേരിലും അത്തരം മത അടയാളങ്ങള്‍ കാണാന്‍ സാധ്യമല്ല. യാഥാര്‍ഥ്യം അങ്ങനെയായിരിക്കുമ്പോള്‍ കമല്‍ എന്തിനാണ് മുസ്‌ലിങ്ങളെ അന്യരായി കാണിക്കുന്നത്? ഒരു ഡസന്‍ കുട്ടികളെ പ്രസവിച്ച് ആര്‍ക്കും മനസ്സിലാകാത്ത ഒരു ഭാഷ സംസാരിച്ച് പഠിക്കാത്തവരായി പല നൂറ്റാണ്ടുകള്‍ പിന്നിലുള്ളവരായി .. അങ്ങനെയാണോ തമിഴ്‌നാട്ടിലെ മുസ്‌ലിങ്ങള്‍? ഇവരെ ഇങ്ങനെ അന്യരായി കാണിക്കുന്നതിന് പിന്നില്‍ ഒരു രാഷ്ട്രീയമുണ്ട്. അതാണ് ഹിന്ദുത്വ രാഷ്ട്രീയം. എന്നാന്‍ ഹിന്ദുത്വരാഷ്ട്രീയത്തിന് വിപരീതമായ പുരോഗമനവാദിയായ കമല്‍ എന്തുകൊണ്ടാണ് ഇത്തരം ഹിന്ദുത്വ വീക്ഷണം മുന്നോട്ട് വെക്കുന്നത്? ബ്രാഹ്മണര്‍ യൂറോപ്പില്‍ നിന്നും മധ്യേഷ്യയില്‍ നിന്നും ഖൈബര്‍ ചുരം വഴി വന്ന അന്യരാണെന്ന് പറയുന്നത് എത്ര വിവരക്കേടും വര്‍ഗീയതയുമാണോ അത്രതന്നെ വിവരക്കേടും വര്‍ഗീയതയും മുസ്‌ലിങ്ങളെ ഇങ്ങനെ അന്യരായി കാണിക്കുന്നതിലുമുണ്ട്. കമലിന്റെ ഇത്തരം മുസ്‌ലിം വിരോധവും ഹിന്ദുത്വ വീക്ഷണവും 'ഹേ റാമി'ലും പ്രകടമാകുന്നുണ്ടെന്നത് ഞാന്‍ ഹേ റാമിനെക്കുറിച്ചുള്ള നിരൂപണത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

തീവ്രവാദികളെ തിരയുന്നു എന്ന പേരില്‍ ഖലീഫുള്ളയുടെ കുടുംബത്തെയും ആ ഗ്രാമത്തിലുള്ള എല്ലാ മുസ്‌ലിം കുടുംബങ്ങളെയും ആട്ടിന്‍പറ്റത്തെപ്പോലെ പോലീസ് സ്റ്റേഷനിലടയ്ക്കുന്നു. അപ്പോഴാണ് സുനാമി വന്ന് ഗ്രാമത്തിലെ പലരും മരിക്കുന്നത്. ആ സമയത്ത് പോലീസ് സ്റ്റേഷനിലുള്ള ഖലീഫുള്ളയുടെ വാപ്പാ,'നല്ല കാലം നമ്മള്‍ പോലീസ് സ്റ്റേഷനിലായതിനാല്‍ സുനാമിയില്‍ നിന്ന് രക്ഷപ്പെട്ടു.' എന്ന് പറയുന്നു. ഈ വാചകത്തിലടങ്ങിയിരിക്കുന്ന രാഷ്ട്രീയമെന്താണെന്ന് കമല്‍ ഇപ്പോള്‍ ദശാവതാരത്തെപ്പറ്റി നല്‍കുന്ന നൂറുകണക്കിന് ചാനല്‍ ഇന്റര്‍വ്യൂകളിലേതിലെങ്കിലും വിശദീകരിക്കണമെന്ന് ആവശ്യപ്പെടുകയാണ്. 

കഥയോട് പുലബന്ധം പോലുമില്ലാത്ത പഞ്ചാബി ഗായകന്‍ അവതാര്‍സിങ്ങാണ് മറ്റൊരു ബ്ലാക്ക് ഹൂമര്‍. അദ്ദേഹം രക്തം തുപ്പിക്കൊണ്ട് പാടുന്ന ബാങ്ക്‌ര പാട്ട് പഞ്ചാബികളെ മുഴുവന്‍ അപമാനിക്കുന്നതാണ്. എത്രയോ വര്‍ഷം മുന്‍പുവന്ന 'എങ്ക വീട്ടു പിള്ളൈ' പടത്തിലെ 'ആടലുക്ക് പാടലൈ ചേര്‍ത്താല്‍....' എന്ന പാട്ടിന് എംജിയാര്‍ എത്ര നന്നായി ബാങ്ക്‌രാ ഡാന്‍സ് ചെയ്യുന്നു. ആ പാട്ട് ഇന്നും കേള്‍ക്കുമ്പോഴും എത്ര ആസ്വദനീയമാണ്. ആ പാട്ടിന്റെ അടുത്തൊന്നും ഹിമേഷിന്റെ പാട്ട് വരുന്നില്ല. അതുപോലെ അവതാര്‍സിങ് സംസാരിക്കുന്ന പഞ്ചാബി തമിഴന്‍ പഞ്ചാബി സംസാരിക്കുന്നത് പോലെയാണ്. പാഞ്ചാബി ഭാഷയുടെ സവിശേഷതയായ nasal സ്വഭാവം കമലിന്റെ ഉച്ചാരണത്തില്‍ കാണുന്നില്ലല്ലോ..

അതുപോലെ കമലിന്റെ ജപ്പാന്‍ കരാട്ടേക്കാരന്റെ വേഷവും പടവുമായി ഒരു ബന്ധവുമില്ല. ജപ്പാന്‍ കമല്‍ കരാട്ടേ പോരാടുന്നു. ജാപ്പനീസ് ഭാഷ സംസാരിക്കുന്നു. വില്ലനെ അടിച്ചുടയ്ക്കുന്നു. ഫ്‌ളെച്ചര്‍ കമലും അതുപോലെ മോശമാണ്. ബുഷ് കമലും അതുപോലെ തന്നെ. അവസാനത്തെ സീനില്‍ സ്റ്റേജില്‍ കരുണാനിധിയിരിക്കുന്നിടത്ത് ബുഷ് കമല്‍ ഡാന്‍സ് ചെയ്യുന്നു. മിമിക്രി നടന്‍ ദാമു ചെയ്യുന്നതുപോലെ കമലിന് ചെയ്യാനാണെങ്കില്‍ ഈ ഉലകനായകന്‍ പടം ദാമുവിനെക്കൊണ്ട് ചെയ്യിക്കാമായിരുന്നില്ലേ, കമല്‍ എന്തിനാണ് ? ഇപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ റാലികളിലും സമ്മേളനങ്ങളിലും ഇങ്ങനെ കരുണാനിധിയെപ്പോലെയും എംജിയാറിനെപ്പോലെയും ഗാന്ധിയെപ്പോലെയും നെഹ്‌റുവിനെപ്പോലെയുമൊക്കെ വേഷം കെട്ടിയവരെക്കാണാറുണ്ട്. 

ചില ചാനലുകളിലും ഇങ്ങനെ ബുഷിനെയും ഒസാമ ബിന്‍ ലാദനെയും ഹിറ്റ്‌ലറിനെയുമൊക്കെ വേഷംകെട്ടി വന്ന് അഭിനയിച്ച് കാണിക്കും. ഇങ്ങനെ ഓരോ മുഖംമൂടി മാറിമാറി വെച്ചാല്‍ ഒരാള്‍ക്ക് തന്നെ നൂറ് വേഷം വേണമെങ്കിലും അഭിനയിക്കാമല്ലോ, അതിലെന്താണിത്ര വലിയ കാര്യം? രാഷ്ട്രീയ സമ്മേളനങ്ങളിലും ചാനലുകളിലും ഭംഗിയായി നടത്തുന്ന ഇത്തരം തമാശകള്‍ക്ക് കമല്‍ ഹോളിവുഡില്‍ നിന്ന് മേയ്ക്കപ്പ്മാന്മാരെ കൊണ്ടുവന്ന് മേയ്ക്കപ്പിട്ട് മണിക്കൂറുകളോളം വെള്ളം കുടിക്കാതെയും ആഹാരം കഴിക്കാതെയും മിനക്കെടേണ്ടിയിരുന്നോ? കമലിന് മേയ്ക്കപ്പിട്ടയാള്‍ ഒമന്‍, എക്‌സോര്‍സിസ്റ്റ് മുതലായ പ്രേത സിനിമകള്‍ക്ക് മേയ്ക്കപ്പിട്ട ആളാണെത്രേ? അതുകൊണ്ടായിരിക്കാം ശാസ്ത്രജ്ഞന്‍ ഗോവിന്ദ് ഒഴികെ ഒന്‍പത് പ്രേതങ്ങളിങ്ങനെ അലഞ്ഞു തിരിയുന്നത്. 

ഇങ്ങനെയാണെങ്കില്‍ ഒരാള്‍ക്ക് നൂറ് വേഷം വേണമെങ്കിലും അഭിനയിക്കാം. ഒസാമ ബിന്‍ ലാദനെപ്പോലെ ഒരു മുഖംമൂടിയുണ്ടാക്കിയാല്‍ കാര്യം കഴിഞ്ഞു. വിദേശ രാജ്യങ്ങളില്‍ രാഷ്ട്രീയസമരങ്ങള്‍ നടക്കുമ്പോള്‍ ആയിരക്കണക്കിനാളുകള്‍ തങ്ങള്‍ക്കിഷ്ടമില്ലാത്ത രാഷ്ട്രീയ നേതാവിന്റെ മാസ്‌ക് ധരിച്ച് പ്രകടനം നടത്തുക പതിവാണ്. ഒരു പ്രകടനത്തില്‍ തന്നെ ആയിരം ബുഷിനെ നമ്മള്‍ക്ക് കാണാം. ഇതിനെല്ലാം ഉലകനായകന്‍ പട്ടം കൊടുത്താല്‍ എങ്ങനെയാണ് ?കമലിന്റെ പ്രശ്‌നം ശിവാജിയും ശിവാജിറാവുവുമാണ്. 'ശിവാജി ഒന്‍പത് വേഷത്തില്‍ അഭിനയിച്ചു. ഞാന്‍ പത്ത് വേഷത്തില്‍ അഭിനയിക്കും.' അടുത്ത പ്രശ്‌നവും 'ശിവാജി' തന്നെ. രജനി അഭിനയിച്ച സിനിമ. ആ സിനിമയ്ക്ക് ചെലവാക്കിയ അത്ര പണം തന്റെ സിനിമയ്ക്കും ചെലവാക്കണം. 'ശിവാജി'യെന്ന സിനിമ തന്നെ ഒരു കുപ്പയാണ്. ആ കുപ്പയോട് മത്സരിച്ച് തോല്‍ക്കുകയാണ് ദശാവതാരം. അതിനാണ് ലോക സിനിമയെന്നൊക്കെ ഗമ പറയുന്നത്?
'
അടുത്ത കാലത്ത് നടന്ന ഒരു സിനിമാ പരിപാടിയില്‍ 'ഉലകനായകന്‍ കമലിന് ഓസ്‌കര്‍ സമ്മാനം കൊടുക്കണം' എന്ന് ചിലര്‍ നിര്‍ദേശിച്ചപ്പോള്‍, കമല്‍ 'വെള്ളക്കാരന് നമ്മള്‍ സമ്മാനം കൊടുക്കുന്ന സ്ഥിതി വരണം. അത് എന്റെ കാലത്തുതന്നെ നടക്കും' എന്ന് പറഞ്ഞു. അങ്ങനെയാണെങ്കില്‍ കമല്‍ ചിരഞ്ജീവിയായി ജീവിക്കേണ്ടി വരും. കാരണം അദ്ദേഹം പ്രതീക്ഷിക്കുന്ന സ്ഥിതി തമിഴ്‌നാട്ടില്‍ ഒരിക്കലും വരില്ല. ഇന്ത്യയില്‍ philistine സംസ്‌കാരം തലയുയര്‍ത്തി നില്‍ക്കുന്ന സംസ്ഥാനമാണ് തമിഴ്‌നാട്. വേറെ ഒരു സംസ്ഥാനത്തിനും ഇക്കാര്യത്തില്‍ തമിഴ്‌നാടിനോട് മത്സരിക്കാന്‍ സാധിക്കില്ല. (വേണമെങ്കില്‍ ബിഹാറിനെ ഉള്‍പ്പെടുത്താം). തമിഴ്‌നാട്ടിലെ philistine സംസ്‌കാരം എങ്ങനെയാണെന്ന് വെച്ചാല്‍ ഖുശ്ബുവിനെയും തൃഷയെയും ഗഞ്ചാ കറുപ്പുവിനെയും അവര്‍ക്കിടയില്‍ ഒരു സാഹിത്യകാരനായ ഇന്ദിരാ പാര്‍ഥസാരഥിയെയും ഒരേപോലെ കണക്കാക്കി 'കലൈമാമണി' ബിരുദം നല്‍കും. ഇത്തരമൊരു വൃത്തികേട് ലോകത്തിന്റെ മറ്റേതെങ്കിലും മൂലയില്‍ നടക്കുമോ? ഇങ്ങനെ 'പുകഴ്‌പെറ്റ' കലൈമാമണി ബിരുദം ഹോര്‍ഹേ സാന്‍ഹിനോസിനെപ്പോലെയുള്ള സിനിമാജീനിയസ്സുകളെ ചെന്നൈയിലേക്ക് ക്ഷണിച്ചുകൊണ്ടുവന്ന് 'കലൈഞ്ജര്‍ കയ്യാല്‍' കൊടുക്കാമെന്നാണോ കമല്‍ കരുതുന്നത്? പാവം, എനിക്ക് ആ നഗ്‌നനനായ രാജാവിനെയാണ് ഓര്‍മവരുന്നത്. 

കമല്‍ ഇപ്പോള്‍ ഏകദേശം ജയലളിതയെപ്പോലെ ആയിയെന്നാണ് എനിക്ക് തോന്നുന്നത്. ജയലളിതയെ ആര്‍ക്കും പാര്‍ട്ടിക്കുള്ളില്‍ നിന്ന് വിമര്‍ശിക്കാന്‍ പറ്റില്ല. വിമര്‍ശിക്കുന്നവന്‍ ശത്രുവാണെന്നാണ് ആ പാര്‍ട്ടിയിലെ നിയമം. അതിനും പുറമെ എല്ലാവരും അവരെ പുരട്ചി തലൈവി എന്നേ വിളിക്കാവൂ, അങ്ങനെയേ ചിന്തിക്കാവൂ. അതുപോലെ കമലിനെയും ആരും വിമര്‍ശിക്കാന്‍ പാടില്ല. വിമര്‍ശിച്ചാല്‍ അയാള്‍ കമലിന്റെ ശത്രുവാണ്. കമലിന്റെ സിനിമയിലുള്ള കഴിവ് മനസ്സിലാക്കാന്‍ കഴിയാത്ത വിഡ്ഢി. അദ്ദേഹത്തെ ഉലകനായകന്‍ എന്നേ കരുതാന്‍ പാടുള്ളൂ. അങ്ങനെ കരുതാത്തവര്‍ക്ക് എന്തോ മോശപ്പെട്ട ഉദ്ദേശ്യമുണ്ട്. ഇതാണ് കമലിന്റെ ഇപ്പോഴത്തെ സ്ഥിതി. കമലിനെ മനോരമയും കരുണാനിധിയും രജനിയുമാണ് സ്റ്റേജില്‍ വെച്ച് ഉലകനായകന്‍ എന്ന് പുക്‌ഴത്തിയത്. ഇവര്‍ക്ക് ലോ കസിനിമയെന്താണെന്നറിയാം? ഇവര്‍ ഒറ്റക്കിരിക്കുമ്പോള്‍ ദശാവതാരത്തെപ്പറ്റി എന്താണ് കരുതുന്നതെന്ന് കമലിന് അറിയാമോ? ('അടപ്പാ, ഇപ്പോള്‍ സമാധാനമായി' എന്നാവും രജനികാന്ത് ചിന്തിച്ചിരിക്കുക) ഈ മുഖസ്തുതി പറയുന്നവര്‍ക്കിടയില്‍ ലോകസിനിമയെപ്പറ്റി അറിയാവുന്ന ഒരേയാള്‍ കമലഹാസനാണ്. അത്തരമാളുകളുടെ ഒരു കൂട്ടം തന്നെ ഉലകനായകനെന്ന് പുകഴ്ത്തുമ്പോള്‍ ആ വാക്ക് പുരട്ചി തലൈവി എന്ന വാക്കിന് സമമാണെന്ന് കമല്‍ മനസ്സിലാക്കേണ്ടേ?

ശാസ്ത്രജ്ഞന്‍ ഗോവിന്ദിന്റെ അപ്പായുടെ പേര് രാമസാമിനായ്ക്കര്‍ എന്നാണ്. ഗോവിന്ദും ഇടയ്ക്കിടക്ക് നാസ്തികം സംസാരിക്കുന്നുണ്ട്. ആദ്യമായി ഈ നാസ്തിക ആസ്തിക തര്‍ക്കങ്ങളെല്ലാം ഇന്ന് കാലഹരണപ്പെട്ടവയാണെന്ന് കമലിന് അറിയില്ല. ഇപ്പോള്‍ ആസ്തികരെല്ലാം തീവ്രവാദികളായി മാറി അന്യമതക്കാരെ വെട്ടിവീഴ്ത്തുകയും അവര്‍ക്കുനേെര ബോംബെറിയുകയുമാണ്. പാവം നാസ്തികര്‍ ഈ ബോംബ് പൊട്ടുന്ന ബഹളങ്ങള്‍ക്കിടയില്‍ തങ്ങളുടെ ജീവന്‍ രക്ഷിക്കാനായി മഞ്ഞമുണ്ടുമുടുത്ത് ബാബയുടെ കൈയില്‍നിന്ന് ആശിര്‍വാദം വാങ്ങുകയാണ്. ഇന്നത്തെ പ്രശ്‌നം മതതീവ്രവാദമാണ് അല്ലാതെ ആസ്തിക നാസ്തിക തര്‍ക്കങ്ങളല്ല എന്നു പോലും കമല്‍ അറിയുന്നില്ല. ഗോവിന്ദിനെപ്പോലെ കമലും ജീവിതത്തില്‍ നാസ്തികവാദം പറയുകയും പെരിയാറും ഭാരതിയുമൊക്കെ തന്റെ ഗുരുസ്ഥാനീയരാണെന്ന് പറയുകയും ചെയ്യുന്ന ആളാണ്. എന്നാല്‍ ഭാരതിയെപ്പറ്റിയും പെരിയാറിനെപ്പറ്റിയും സിനിമയെടുക്കാന്‍ ഒരു ഐഎഎസ്സ് ഓഫീസറായ ജ്ഞാനരാജശേഖരന്‍ വരേണ്ടിവന്നല്ലോ, ഉലക സിനിമയെ അറിഞ്ഞ കമലിന് എന്തുകൊണ്ടാണ് അതിന് കഴിയാഞ്ഞത്?

ഉത്തരേന്ത്യക്കാരായ കേതന്‍ മേത്ത, മീരാ നായര്‍ എന്നിങ്ങനെ പലരും (നീണ്ട പട്ടിക തന്നെയുണ്ട്) ആഗോളതലത്തില്‍ ആഘോഷിക്കപ്പെടുന്നുണ്ട്. എന്തിനാണ് ഉത്തരേന്ത്യയിലേക്ക് പോകുന്നത് തൊട്ടടുത്തുള്ള കേരളത്തില്‍ ജോണ്‍ എബ്രഹാം, അരവിന്ദന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍ എന്നിങ്ങനെ സീരിയസ്സ് സിനിമയുടെ ഒരു പാരമ്പര്യം തന്നെയുണ്ട്. അവിടെ ഒരു ചെറുപ്പക്കാരന് 50 ലക്ഷം കൊണ്ട് ഒരു സിനിമയെടുത്ത് അത് ഫിലിം ഫെസ്റ്റിവലുകളില്‍ കാണിക്കാന്‍ കഴിയുന്നുണ്ട്. അടുത്ത കാലത്ത് 50 ലക്ഷത്തിനും ഒരുകോടിക്കുമിടയില്‍ ചെലവ് ചെയ്തു നിര്‍മിച്ച പല സീരിയസ്സ് മലയാള സിനിമകളും കാണാനിടയായി. പ്രസിദ്ധരായ നടീനടന്മാരാണ് ഇവയിലും അഭിനയിക്കുന്നത്. വെള്ളക്കാര്‍ പണ്ട് തങ്ങളുടെ ആഗോളപ്രശസ്തമായ അവാര്‍ഡുകള്‍ കേരളത്തിലെയും ബംഗാളിലെയും സിനിമകള്‍ക്ക് നല്‍കുകയാണ് പതിവ്. എന്നാല്‍ ഇപ്പോള്‍ കേരളത്തിലും ബംഗാളിലും ആ വെള്ളക്കാരെ ക്ഷണിച്ചുവരുത്തി ആദരിക്കുകയാണ്. തിരുവനന്തപുരത്ത് നടക്കുന്ന ഫിലിം ഫെസ്റ്റിവല്‍ കാന്‍ ഫിലിം ഫെസ്റ്റിവല്‍ പോലെ ലോകത്തിലെങ്ങും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം പ്രസിദ്ധ ചിലിയന്‍ സംവിധായകനായ ലിത്തിന്‍ തിരുവനന്തപുരം ഫിലിംഫെസ്റ്റിവലിന് വന്നിരുന്നു. ഇദ്ദേഹം ലോക സിനിമയില്‍ ഒരു legend ആയി കണക്കാക്കപ്പെടുന്ന ആളാണെന്ന് കമലിന് നന്നായിട്ടറിയാം. 

എന്നാല്‍ തമിഴ് സിനിമയും ലോക നിലവാരത്തിലേക്ക് പതുക്കെ പതുക്കെ ഉയര്‍ന്നു വരുന്നുണ്ട്. ബദല്‍ സിനിമയുടെ വക്താക്കളായ ശെല്‍വരാഘവന്‍, അമീര്‍, ബാലാജി ശക്തിവേല്‍, വസന്തബാലന്‍, ചിമ്പുദേവന്‍ തുടങ്ങിയ പലരും ഇന്ന് തമിഴ് സിനിമയെ ഗൗരവമായ ദിശയിലേക്കാണ് നയിച്ചുകൊണ്ടിരിക്കുന്നത്. ഇവര്‍ക്ക് പുറമേ ജനപ്രിയ സിനിമയിലെ ഗൗതം മേനോന്‍, മിഷിന്‍ മുതലായവരും അവരുടെ സിനിമകളെ കലാപരമായ അനുഭവം തരുന്ന രീതിയില്‍ മാറ്റിക്കൊണ്ടിരിക്കുകയാണ്. 'അഞ്ജാതെ' എന്ന പടത്തില്‍ മിഷിന്‍ പ്രേക്ഷകരെ മൂന്ന് മണിക്കൂര്‍ നേരത്തേക്ക് വീര്‍പ്പടക്കി കസേരത്തുമ്പിലിരുത്തുന്നു. കമലിന് സിനിമയുടെ ഈ അടിസ്ഥാനതത്ത്വമറിയില്ല. ഒന്നേമുക്കാല്‍ മണിക്കൂര്‍ സമയം ലോകത്തെ മുഴുവനും നശിപ്പിക്കാന്‍ കഴിവുള്ള വൈറസ്സുള്ള ഡബ്ബയുമായി ശാസ്ത്രജ്ഞന്‍ കമലും വില്ലന്‍ കമലും അലയുന്നത് കാണുമ്പോള്‍ പലപ്പോഴും കോട്ടുവായിടാനും ചിലപ്പോഴൊക്കെ കരയാനുമാണ് തോന്നുന്നത്. ഭയങ്കരമായ ബോറടിപ്പിച്ച ചേസിങ്ങ് സീനുകളാണവ.
ഒരേ കഥയുടെ ഇഴകള്‍ ചിദംബരം, ന്യൂയോര്‍ക്ക്, ടോക്കിയോ എന്നീ മൂന്ന് വ്യത്യസ്ത രാജ്യങ്ങളിലുള്ള സ്ഥലങ്ങളിലുമായി ബന്ധപ്പെട്ടതാണെന്ന് പറയാന്‍ ശ്രമിച്ച് ഒരു വേവാത്ത അവിയല്‍ തരികയാണ് കമല്‍. 

എന്നാല്‍ അദ്ദേഹം ചില വര്‍ഷങ്ങള്‍ക്ക് മുമ്പ് എനിക്ക് പരിചയപ്പെടുത്തിയ Alejandro Gonzalez Inarittu വിന്റെ (അമറോസ് പറോസിന്റെ സംവിധായകന്‍) അടുത്തകാലത്ത് വന്ന സിനിമയായ ഏമയവാ (2006) നോക്കൂ. മൊറാക്കോ, ജപ്പാന്‍, മെക്‌സിക്കോ, അമേരിക്ക എന്നീ നാല് വ്യത്യസ്ത രാജ്യങ്ങളില്‍ വ്യത്യസ്ത പശ്ചാത്തലത്തില്‍ ജീവിക്കുന്ന മനുഷ്യരെ എങ്ങനെ ഒരേ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എങ്ങനെ ആ നാല് രാജ്യങ്ങളിലെയും സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സംഭവങ്ങളുമായി ബന്ധിപ്പിച്ച് ഒരു രാഷ്ട്രീയ സിനിമയായി എടുക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഗോണ്‍സാലസ്. ടോക്കിയോവിലെ ഒരു പതിനെട്ടുകാരിയുടെ പ്രശ്‌നവും മൊറൊക്കോവിലെ ഏതോ കുഗ്രാമത്തില്‍ താമസിക്കുന്ന പത്തുവയസ്സുകാരന്റെ പ്രശ്‌നവും ന്യൂയോര്‍ക്കില്‍ ജീവിക്കുന്ന ഒരു കുടുംബത്തെ എങ്ങനെയാണ് ബാധിക്കുന്നത് എന്ന് അത്ര കൃത്യമായി കാണിക്കുന്നു അദ്ദേഹം. എന്നാല്‍ കമലിന് ഇവിടത്തെ ഒരു ദളിതനെയും മുസ്‌ലിമിനെയും പോലും ശരിക്ക് കാണിക്കാന്‍ അറിയില്ല. 

അവസാനമായി ഒന്ന്, ഇതൊരു ഏഷ്യന്‍ വെള്ളക്കാരന്‍ പറഞ്ഞതാണ്. കമലിന്റെ പത്ത് വേഷങ്ങളെപ്പറ്റി കേട്ടയുടനെ ജാക്കി ചാന്‍ 'തമിഴ് സിനിമയില്‍ നടന്മാര്‍ക്ക് അത്ര പഞ്ഞമാണോ?' എന്ന് ചോദിച്ചത്രേ.ഈ സിനിമ യഥാര്‍ഥ വെള്ളക്കാരന്‍ കണ്ടാല്‍ എന്തുപറയുമെന്ന് ആലോചിക്കുമ്പോള്‍ ഭയം തോന്നുന്നു..

No comments:

Post a Comment