Friday 1 July 2011

ആണ്‍ - പെണ്‍ സൗഹൃദങ്ങള്‍ അത്രയ്ക്ക് അസഹ്യമോ

ആണ്‍ - പെണ്‍ സൗഹൃദങ്ങള്‍ അത്രയ്ക്ക് അസഹ്യമോ?

Posted on: 24 Jun 2011

ഡോ. സി.എസ്.ചന്ദ്രിക




ഇവിടെ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന മലയാളി പുരുഷന്‍മാര്‍, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ രണ്ടാം ദശകത്തിലാണ് തങ്ങള്‍ ജീവിക്കുന്നതെന്ന് ഓര്‍ക്കണം. കേരളത്തിലെ സ്ത്രീകള്‍ക്ക് പല കാര്യങ്ങള്‍ക്കും പുറത്തിറങ്ങണം. ജോലിക്ക് പോകണം. നൈറ്റ് ഷിഫ്റ്റിലും ജോലി ചെയ്യണം.

ഒറ്റക്ക് യാത്ര ചെയ്താല്‍ ലൈംഗികാക്രമണം ഉറപ്പ് എന്ന സംഘര്‍ഷം കൊണ്ടോ, സൗകര്യപ്രദമായി യാത്ര ചെയ്യാം എന്ന തോന്നല്‍ കൊണ്ടോ അടുത്ത സുഹൃത്തുക്കളുടെ കൂടെ അതുമല്ലെങ്കില്‍ റേപ്പ് ചെയ്യില്ല എന്നുറപ്പുള്ള ഏതെങ്കിലും ഒരു പുരുഷന്റേയോ ഒരു കൂട്ടം പുരുഷന്‍മാരുടേയോ കൂടെ യാത്ര ചെയ്യേണ്ടി വരും. അങ്ങനെ സമയത്തിന് എത്തിച്ചേരണമെണമെന്ന് ആഗ്രഹിക്കുന്ന സ്ഥലങ്ങളിലെത്തണം. കഴിഞ്ഞ ദിവസം, കൊച്ചിയില്‍ തസ്‌നിബാനു നേരിട്ട അക്രമം, പെണ്‍ശരീരത്തെ കേന്ദ്രീകരിച്ച് രൂപപ്പെടുത്തി ശക്തമായി നിലനിര്‍ത്തിയിട്ടുള്ള ലൈംഗിക സദാചാര സംരക്ഷണ കൃത്യനിര്‍വ്വഹണത്തിന്റേതാണെന്ന് എല്ലാവര്‍ക്കുമറിയാം.

സാമൂഹ്യ പൊതുസമ്മതിയുള്ള ഇത്തരം കൃത്യനിര്‍വ്വഹണം കൊച്ചിയില്‍ തസ്‌നിബാനുവിനു നേര്‍ക്ക് നടത്തിയത് നാട്ടുകാരായ, മദ്യപിച്ച ചില പുരുഷന്‍മാരോ ഓട്ടോറിക്ഷാ ഡ്രൈവറോ ആണെങ്കില്‍ മറ്റൊരിടത്ത് ഇതേ പണി ചെയ്യുന്നത് സ്ഥാനമാനങ്ങള്‍ സ്ഥാപിച്ചെടുത്ത ചില പാര്‍ട്ടി രാഷ്ട്രീയക്കാരോ സാംസ്‌കാരിക പ്രവര്‍ത്തകനോ, സാഹിത്യനിരൂപകനോ ഇടത്തരം ബുദ്ധിജീവിയോ വിപുലമായ ജനാഭിപ്രായരൂപീകരണശേഷിയുള്ള മാധ്യമപ്രവര്‍ത്തകനോ പോലീസോ സര്‍ക്കാരോ കോടതിയോ ഒക്കെയാണെന്ന് നേരത്തേ നടന്നതും തുടര്‍ന്നുകൊണ്ടിരിക്കുന്നതുമായ ഒരുപാട് സംഭവങ്ങള്‍ നോക്കിയാല്‍ ആര്‍ക്കും മനസ്സിലാക്കാം.

സൗഹൃദബന്ധങ്ങളായാലും പ്രണയബന്ധങ്ങളായാലും ആണ്‍ പെണ്‍ ബന്ധങ്ങള്‍ക്ക് (ഒപ്പം ലെസ്ബിയന്‍, ഗേ ബന്ധങ്ങളും) ഇനിയെങ്കിലും കേരളത്തില്‍ അടിയന്തരമായി പൊതുദൃശ്യത ഉണ്ടാകണം. കോളേജ് വിദ്യാഭ്യാസകാലത്ത് കാമ്പസിനുള്ളിലാണ് പരസ്യമായി ആണ്‍പെണ്‍സൗഹൃദങ്ങള്‍ക്കും പ്രണയങ്ങള്‍ക്കും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുമിച്ചുള്ള പല തരം രാഷ്ട്രീയ സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങള്‍ക്കും ഇടപഴകലുകള്‍ക്കും കുറച്ചെങ്കിലും സാധ്യതകിട്ടുന്നത്. അതു കഴിഞ്ഞാല്‍ അത്തരം സൗഹൃദങ്ങളും അടുത്തിടപഴകലുകളും സമ്പൂര്‍ണ്ണമായും അടഞ്ഞുപോകുന്ന കുടുംബ സാമൂഹ്യസാഹചര്യമാണിവിടെ ശക്തമായി നില്‍ക്കുന്നത്. വിവാഹത്തോടെ സ്ത്രീയുടെ ജീവിതത്തില്‍ ആണ്‍സൗഹൃദങ്ങള്‍ക്കുള്ള മുഴുവന്‍ സാധ്യതയും ഇല്ലാതാകുന്നു.

പുരുഷന് പുറംസഞ്ചാരങ്ങളുടെ ലോകമുള്ളതുകൊണ്ട് സ്ത്രീസൗഹൃദങ്ങളുടെ തുടര്‍ച്ച പല വിധത്തിലും സാധ്യവുമാണ്. എങ്കിലും 'വിവാഹസദാചാരവും' 'ദാമ്പത്യ സമവാക്യങ്ങളും' പരിപാലിക്കാന്‍ വേണ്ടി അത്തരത്തിലുള്ള സൗഹൃദങ്ങളെ തന്ത്രപൂര്‍വ്വം കൈകാര്യം ചെയ്യുകയാണ് പതിവ്. വിവാഹത്തിനു പുറത്തുള്ള എല്ലാ തരം ആണ്‍പെണ്‍ ബന്ധങ്ങളും ആശയവിനിമയങ്ങളും ഭീഷണമായി നിരീക്ഷിക്കപ്പെടുകയാണിവിടെ. അതുകൊണ്ട് തൊഴില്‍സഥലത്തോ പ്രസ്ഥാനങ്ങളിലോ സംഘടനകളിലോ സ്ത്രീകളും പുരുഷന്‍മാരും പരസ്യമായി ഇത്തരം സൗഹൃദങ്ങള്‍ക്ക് അധികം നിന്നുകൊടുക്കാറില്ല. മറിച്ച്, 'മാന്യ'സദാചാരത്തിന്റെ പങ്കു പറ്റി അറിഞ്ഞും അറിയാതേയും അതിന്റെ സംരക്ഷകരായി മാറിത്തീരും.

എന്നാലും മനുഷ്യരല്ലേ! സൗഹൃദങ്ങളുടെ സ്ത്രീപുരുഷ ലോകവും പരസ്പര പിന്തുണയും സഹായങ്ങളും പങ്കുവെയ്ക്കലുകളും ആകര്‍ഷണങ്ങളും ഉണ്ടായിപ്പോകും. ഇതെല്ലാം തടസ്സപ്പെടുന്ന ഒരു സമൂഹം അടഞ്ഞതാണ്, ഇരുണ്ടതാണ്, അസന്തുഷ്ടമാണ്, സംശയദൃഷ്ടിയുള്ളതാണ്, അക്രമാസക്തമാണ്. ഇതിന്റെയെല്ലാം മൂര്‍ത്തരൂപമാണിപ്പോള്‍ കേരളം. ഈ അഴുകിപ്പോയ സമൂഹത്തില്‍ തീര്‍ത്തും അസന്തുഷ്ടരായി, പരസ്യമായി സൗഹൃദം പോലും പങ്കുവെക്കാന്‍ ധൈര്യപ്പെടാതെ, നിര്‍ബ്ബന്ധിതമായ അകല്‍ച്ചയോടെ, രഹസ്യ അറകളിലടയ്ക്കപ്പെട്ട്, സ്വാതന്ത്ര്യമില്ലാതെ ജീവിതാനന്ദങ്ങള്‍ നഷ്ടപ്പെട്ടു പോകുന്ന ജീര്‍ണ്ണസദാചാരത്തിന്റെ ആഗോളപ്രദര്‍ശനമാതൃകയായിരിക്കുന്നു മലയാളി.

യുവഫെമിനിസ്റ്റായ സീന കോയമ്പത്തുരില്‍ നിന്ന് കഴിഞ്ഞ ദിവസം എന്നെ ഫോണില്‍ വിളിച്ച് തസ്‌നിബാനുവിന്റെ കാര്യത്തില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളെക്കുറിച്ച് പറഞ്ഞതിനു ശേഷം ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന 'രതിനിര്‍വ്വേദം' സിനിമ കാണാന്‍ പോകുന്ന സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നു എന്ന വിവരങ്ങള്‍ പങ്കുവെച്ചു. തല്‍ക്കാലം ഒറ്റയ്ക്ക് പോകരുതെന്നും സംഘമായി സ്ത്രീകള്‍ രതിനിര്‍വ്വേദം കാണാന്‍ പോകണമെന്നുമായിരുന്നു എന്റെ പ്രതികരണം.

രതി പുരുഷനു മാത്രം കാണാനും ആസ്വദിക്കാനുമുളളതാണെന്ന ധാര്‍ഷ്ട്യവും അധികാരപ്രയോഗങ്ങളും പരസ്യമായി ചോദ്യം ചെയ്യപ്പെടണം. രതിനിര്‍വ്വേദം എന്ന സിനിമയെ പ്രൊമോട്ട് ചെയ്യാനല്ല മറിച്ച്, സ്ത്രീകള്‍ക്ക് സിനിമാതിയേറ്ററില്‍ ഒറ്റക്കോ കൂട്ടായോ പോയിരുന്ന് സ്വസ്ഥമായി രതിനിര്‍വ്വേദം പോലുള്ള സിനിമകള്‍ കാണാനും അതിനെക്കുറിച്ച് പരസ്യമായി അഭിപ്രായങ്ങള്‍ പറയാനും കഴിയുന്ന സമൂഹത്തിനാണ് ലൈംഗികമായും ആത്മീയമായും ഉയര്‍ന്ന ആരോഗ്യവും സൗന്ദര്യാത്മകതയും ഉണ്ടാവുക. ഈ ബാലപാഠം മലയാളി പുരുഷന്‍മാരെ പ്രകോപിപ്പിച്ച് തന്നെ പഠിപ്പിക്കണം.

അതിനാല്‍ സ്ത്രീകള്‍ പരസ്യമായി രതിനിര്‍വ്വേദം കാണാന്‍ പോകുന്നത് ഒരു വലിയ രാഷ്ട്രീയസമരമാണ്. അങ്ങനെ പോകുന്ന സ്ത്രീകളോടൊപ്പം, അവരുടെ പുരുഷസുഹൃത്തുക്കളും കൂടി പരസ്യമായി പോകാന്‍ തയ്യാറാണെങ്കില്‍ ജീര്‍ണ്ണിച്ച അധീശ ലൈംഗികസദാചാരത്തെ എതിര്‍ത്തുകൊണ്ട് സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പുരുഷന്‍മാര്‍ ചെയ്യുന്ന രാഷ്ട്രീയപ്രവര്‍ത്തനങ്ങളിലൊന്നായി അതു കണക്കാക്കപ്പെടും.

തുറന്ന സ്ത്രീപുരുഷസൗഹൃദബന്ധങ്ങള്‍, പ്രണയബന്ധങ്ങള്‍ മലയാളിസമൂഹത്തിന് തീര്‍ത്തും അസാധ്യമാണോ? അതെ എന്നാണ് എല്ലാവരും പറയാന്‍ പോകുന്ന ഉത്തരമെങ്കില്‍ ഇത്തരം ആക്രമണങ്ങള്‍ ആപത്തുകളുടെ രൂപത്തില്‍ നമ്മെ ജീവിതകാലം മുഴുവന്‍ പിന്തുടര്‍ന്നുകൊണ്ടിരിക്കും എന്നതാണതിന്റെ ദുരന്തം.

ഓരോ ദിവസവും ഇരുപത്തിനാലു മണിക്കൂറും മോറല്‍ പോലീസിംഗിന്റെ ആക്രമണങ്ങളെ ഭയന്നുകൊണ്ടും അനുഭവിച്ചുകൊണ്ടും ആകെയുള്ള ഒരു ജീവിതം മുഴുവന്‍ ജീവിച്ചുതീര്‍ക്കേണ്ടതുണ്ടോ? പരദൂഷണകഥകളില്‍ രമിച്ച് തിമിര്‍ക്കുന്ന ആളുകളും മഞ്ഞപത്രങ്ങളും ഒളിക്യാമറകളും പിറകെയുണ്ടാകുമെന്ന് ഭയന്നുള്ള ഒരു ജീവിതത്തിന് എന്തു സമാധാനമാണുള്ളത്? അതില്‍ നിന്ന് ഓടിയൊളിക്കാന്‍, ശ്വാസം മുട്ടി മരിക്കാനായി ഏത് അതീവരഹസ്യങ്ങളുടെ ഇരുട്ടറകളിലാണ് അഭയം തേടുക? നിങ്ങളുടെ സ്ത്രീ സുഹൃത്തിന്റെ അല്ലെങ്കില്‍ ആണ്‍സുഹൃത്തിന്റെ കൂടെ പരസ്യമായി സിനിമാ തിയേറ്ററില്‍ പോയി ഒരു സിനിമ കണ്ടാല്‍, ബസ്സിലോ ട്രെയിനിലോ ഒരു സീറ്റിലിരുന്ന് യാത്രചെയ്താല്‍ ലൈംഗികസദാചാരം നിങ്ങളെ പ്രതിക്കൂട്ടിലാക്കുമെന്നു വന്നാല്‍, സാമൂഹ്യജീവിതത്തിലെ 'മാന്യത'യും കുടുംബജീവിതത്തിന്റെ 'ഭദ്രത'യും തകരുമെന്നു വന്നാല്‍ ആ സമൂഹവും ആ കുടുംബവും ശരിയല്ല എന്ന യാഥാര്‍ത്ഥ്യത്തെയല്ലേ ധീരമായി അഭിമുഖീകരിക്കേണ്ടത്?

നിങ്ങളുടെ സുഹത്തുക്കള്‍ക്കും നിങ്ങള്‍ പ്രണയിക്കുന്ന പുരുഷനും, സ്ത്രീക്കും സാമൂഹ്യമായ ഇടങ്ങളില്ലെങ്കില്‍ തുടര്‍ന്നു വരുന്ന തലമുറകള്‍ക്ക് നിങ്ങളെക്കൊണ്ടെന്തു പ്രയോജനം? അക്രമാസക്തമായ സദാചാര പോലീസിംഗിംനു വഴങ്ങി നിശ്ശബ്ദമായി നില്ക്കുമ്പോള്‍ ചെയ്യുന്നത് സ്വന്തം മകളേയും മറ്റു പെണ്‍കുട്ടികളേയും തസ്‌നിബാനു നേരിട്ട അതേ ദൂരന്തത്തിലേക്ക് നിഷ്‌ക്കരുണം എടുത്തെറിയുകയാണ്.

ആദ്യം കുടുംബങ്ങളില്‍ തുറന്ന ബന്ധത്തിന്റെ ശുദ്ധവായു കയറ്റി വിടാന്‍ മലയാളികള്‍ തയ്യാറാകണം. വീട്ടിലുള്ളവരെക്കൂടി നമ്മുടെ തുറന്ന സൗഹൃദസംഘത്തിലെ അംഗങ്ങളാക്കാന്‍ ശ്രമിക്കണം. ഭാര്യയും ഭര്‍ത്താവും അമ്മയും അച്ഛനും മകളും മകനും നമ്മുടെ സ്ത്രീസുഹൃത്തുക്കള്‍, പുരുഷസുഹൃത്തുക്കള്‍ ആരാണെന്നറിയുന്നതില്‍പ്പരം ആശ്വാസകരമായ ജീവിതം ഈ ലോകത്ത് മറ്റൊന്നില്ല. വിവാഹേതരപ്രണയമാണെങ്കില്‍പ്പോലും അത്തരം തുറന്ന പങ്കുവെയ്‌ലുകള്‍ക്കുള്ള ഇടം കുടുംബങ്ങളില്‍ തീര്‍ത്തും അസാധ്യമല്ല. ഇത്തരം സുതാര്യമായ, സ്‌നേഹത്തിന്റേയും വിശ്വാസത്തിന്റേയും ബലത്തിലുള്ള കുടുംബങ്ങള്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ ഇവിടെ ഭദ്രമായി നിലനില്‍ക്കുക. സമൂഹവും.

സ്ത്രീവിമോചനത്തേയും ജനാധിപത്യസമൂഹത്തേയും കുടുംബബന്ധങ്ങളേയും സ്ത്രീപുരുഷ സൗഹൃദങ്ങളേയും പ്രണയബന്ധങ്ങളേയും സംബന്ധിച്ച എന്റെ ഫെമിനിസ്റ്റ് രാഷ്ട്രീയ നിലപാടും പ്രായോഗിക വിചാരങ്ങളുമാണിത്. തുറന്ന ജീവിതം കൊണ്ട് വലിയ സ്വാതന്ത്ര്യവും സന്തോഷങ്ങളും നിര്‍ഭയതയും അനുഭവിക്കാന്‍ കഴിയും എന്ന് വിശ്വസിക്കുന്ന ഒരു കഥാകാരിയുടെ സര്‍ഗ്ഗാത്മകവും ആത്മീയവുമായ സൗന്ദര്യാന്വേഷണങ്ങളുടേയും അനുഭവങ്ങളുടേയും ഭാഗമായിട്ടുകൂടിയാണ് ഞാനീ കാഴ്ചപ്പാടുകള്‍ മുന്നോട്ടു വെയ്ക്കുന്നത്.